കോഴിക്കോട് : കോഴിക്കോട് കൊവിഡ് 19 ബാധിച്ച് മരിച്ച നാല് മാസം പ്രായമുള്ള കുഞ്ഞിനെ ചികിത്സിച്ച ഡോക്ടര്‍മാരെ നിരീക്ഷണത്തിലാക്കി. കുട്ടിയെ നേരത്തേ ചികിത്സിച്ച മഞ്ചേരിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത് . അഞ്ച് ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു . മഞ്ചേരി പയ്യനാട് സ്വദേശികളുടെ കുഞ്ഞാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. ഏപ്രില്‍ 17ന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ന്യൂമോണിയ കണ്ടെത്തിയതോടെ മഞ്ചേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി .
തുടര്‍ന്ന് ഏപ്രില്‍ 21ന് അപസ്മാരം ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു . ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം എവിടെ നിന്നാണ് കുഞ്ഞിന് കൊവിഡ് ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കുട്ടിയുടെ ബന്ധുവിന് കൊവിഡ് വന്ന് ഭേദമായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ സാമ്പിളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം ഇന്ന് വരും.