ന്യൂഡൽഹി : യാത്രയ്ക്ക് മുൻപ് തന്നെ യാത്രക്കാരോട് ടിപ്പ് ചോദിക്കുന്ന രീതി ഇനി വേണ്ടെന്ന് ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. റാപ്പിഡോ, ഊബർ, ഓല തുടങ്ങിയ ആപ്പുകൾക്കാണ് ഗതാഗത മന്ത്രാലയം ഈ നിർദേശം നൽകിയിരിക്കുന്നത്. യാത്ര ബുക്ക് ചെയ്യുമ്പോൾ ടിപ്പ് ചോദിക്കുന്ന രീതി ഇനി വേണ്ടെന്നാണ് കേന്ദ്രം പറയുന്നത്. ആ രീതി ഒഴിവാക്കണമെന്നും ടിപ്പ് നൽകിയാൽ വാഹനം വേഗം ലഭിക്കും എന്ന പ്രേരണ പാടില്ലെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു. യാത്ര ആരംഭിക്കുന്നതിന് മുമ്പ് ടിപ്പ് ഓപ്ഷൻ കാണിക്കരുതെന്നും നിർദേശമുണ്ട്. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ അതായത് യാത്ര അവസാനിക്കുമ്പോൾ യാത്രക്കാരന് വേണമെങ്കിൽ സ്വമേധയാ ടിപ്പ് നൽകാമെന്നും കേന്ദ്രം അറിയിച്ചു.
റോഡ് ഗതാഗത മന്ത്രാലയത്തിന്റേതാണ് ഈ പുതിയ നിർദേശം. ആപ്പുകളിലെ സവിശേഷതകൾ 2025 ലെ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നുണ്ടെന്നും നിർദേശത്തിൽ വ്യക്തമാക്കി. 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെയും നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമായ തെറ്റിദ്ധരിപ്പിക്കുന്നതോ കൃത്രിമം കാണിക്കുന്നതോ ആയ ഒന്നും ആപ്പിൽ നൽകരുതെന്നും മാർഗ നിർദേശത്തിൽ വ്യക്തമാക്കുണ്ട്. മുൻപും ഈ രീതി നിർത്താൻ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽകിയിരുന്നു.





























