ധാക്ക: ഇന്ത്യ ബംഗ്ലാദേശ് സഹകരണം ശക്തമാക്കുന്ന കൂടിക്കാഴ്ചകള്‍ ആരംഭിച്ചു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി ഇന്നലെ ധാക്കയിലെത്തിയത്. ഇന്ത്യ മുന്‍കൈ എടുത്തു നടത്തിക്കൊണ്ടിരിക്കുന്ന ബംഗ്ലാദേശിലെ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് ഷ്രിംഗ്ലയുടെ സന്ദര്‍ശനം. വിദേശകാര്യ സെക്രട്ടറിയായ ശേഷം ഷ്രിംഗ്ലയുടെ ആദ്യ വിദേശയാത്രയാണിത്.
ഇന്ത്യ വികസന ചര്‍ച്ചകള്‍ക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമായി വിദേശകാര്യ സെക്രട്ടറിയെ അടിയന്തിരമായി അയച്ചതിന് ഷെഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു. കൊറോണ കാലത്ത് ഒരു രാജ്യത്തിന്റെ പ്രധാന ഉദ്യോഗസ്ഥനുമായി മാസങ്ങള്‍ക്കുശേഷമാണ് ഷേഖ് ഹസീന കൂടിക്കാഴ്ച നടത്തുന്നത്.
ഇരുവരും നിരവധി വിഷയങ്ങളില്‍ നടത്തിയ സംഭാഷണം ഫലപ്രദമായിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. വാണിജ്യമേഖലയിലെ സഹകരണം വര്‍ധിപ്പിക്കാനും ധാരണയായെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.