തിരുവല്ല : മഴക്കാലത്ത് വെള്ളക്കെട്ട് പതിവാകുന്ന പെരിങ്ങര ജംഗ്‌ഷനില്‍ ഓട നിര്‍മ്മാണം തുടങ്ങി. പൊടിയാടി – പെരിങ്ങര കൃഷ്ണപാദം റോഡില്‍ പെരിങ്ങര ജംഗ്ഷനിലെ നിത്യദുരിതമായ വെള്ളക്കെട്ട് ഒഴിവാക്കാനായി 20 ലക്ഷം രൂപയാണ് മാത്യു ടി.തോമസ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചത്. നിരന്തരം വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗങ്ങളില്‍ ഇന്റര്‍ലോക്ക് പാകുന്നതിനും ഡ്രെയിനേജ് നിര്‍മ്മിക്കാനും തുക ചെലവഴിക്കും.
ജംഗ്‌ഷനില്‍ നിന്നും റോഡിന്റെ കിഴക്കുഭാഗത്തുകൂടി കൃഷ്ണപാദം പാലം വരെ കോണ്‍ക്രീറ്റ് ഓട നിര്‍മ്മിച്ച് മഴവെള്ളം ചാത്തങ്കരി തോട്ടിലേക്ക് ഒഴുക്കിവിടാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ജെ.സി.ബി ഉപയോഗിച്ച് റോഡില്‍ കുഴിയെടുക്കുന്ന ജോലികളാണ് തുടങ്ങിയത്. ഓട നിര്‍മ്മിക്കുന്നതിന് കുറച്ചുഭാഗത്ത് സ്ഥലം വിട്ടുനല്‍കാന്‍ ഭൂഉടമകള്‍ തയാറായിട്ടുണ്ട്. പാലം വരെ കോണ്‍ക്രീറ്റില്‍ ഓട നിര്‍മ്മിച്ച് മേല്‍മൂടി സ്ഥാപിക്കും. ഇതുകൂടാതെ വെള്ളക്കെട്ട് പതിവാകുന്ന കുഴിയില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പാകി ഉയര്‍ത്തിയെടുക്കും.






























