കൊച്ചി : ലഹരിമരുന്ന് കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ അനൂപിനെക്കുറിച്ച് 2015 ല്‍ തന്നെ പോലീസിന് വിവരം ലഭിച്ചതായി സൂചന. കൊച്ചിയില്‍ 2015 ല്‍ ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ മിഥുന്‍ സി.വിലാസ് അന്ന് നല്‍കിയ നിര്‍ണായക മൊഴികള്‍ പോലീസ് മാറ്റി എഴുതുകയായിരുന്നു. 5 വര്‍ഷം മുന്‍പ് അറസ്റ്റിലായ ഡിസ്‌ക് ജോക്കി മിഥുനാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മിഥുനെ മര്‍ദിക്കുകയും പിന്നീട് അന്വേഷണ ഉദ്യോഗസ്ഥന്‍ എഴുതി തയാറാക്കിയ മൊഴിക്കു താഴെ മിഥുനെ കൊണ്ട് ഒപ്പ് ഇടീപ്പിക്കുകയും ചെയ്തു.
വിവരം ചോര്‍ന്നു കിട്ടിയ അനൂപിന്റെ സംഘത്തലവന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണില്‍ വിളിച്ചു പോലീസ് കസ്റ്റഡിയിലായിരുന്ന മിഥുനോടു വധഭീഷണി മുഴക്കിയതായും ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന കേന്ദ്ര നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്കു (എന്‍സിബി) വിവരം ലഭിച്ചിട്ടുണ്ട്. 2015ലാണു മിഥുന്‍, ഹക്കിം എന്നിവര്‍ക്കൊപ്പമുണ്ടായിരുന്ന അനൂപിനെ പരിചയപ്പെട്ടതും ഗോവയില്‍ നിന്നു കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കു വന്‍തോതില്‍ ലഹരി കടത്തുന്ന റാക്കറ്റില്‍ റിജേഷ് അംഗമായതും. റിജേഷിന്റെ മൊഴികളില്‍ മിഥുനെ കുറിച്ചു പരാമര്‍ശമുള്ള സാഹചര്യത്തില്‍ കേസ് അന്വേഷിക്കുന്ന എന്‍സിബി മിഥുനെ ചോദ്യം ചെയ്‌തേക്കും.