റാന്നി: റേഷൻ വ്യാപാരംഗം പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ പി.എം.ജി.കെ.വൈ നിർത്തലാക്കിയത് വഴി വ്യാപാരത്തില്‍ കുറവുണ്ടായതു മൂലം വ്യാപാരിയുടെ കമ്മീഷനില്‍ കുറവ് വരുത്തിയ നടപടി പിന്‍വലിക്കണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) റാന്നി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വാടക, കറണ്ട് ബില്ല്, സെയിൽസ്മാന്റെ ശമ്പളം എന്നിവ കഴിഞ്ഞാൽ റേഷൻ വ്യാപാരിക്ക് ഒന്നും കിട്ടാത്ത അവസ്ഥയാണ് നിലവില്‍. 50 ശതമാനവും പച്ചരി വരുന്നതിനാൽ കടയിലേക്ക് റേഷൻ കാർഡ് ഉടമകൾ എത്തുന്നത് കുറഞ്ഞു. ഇത് കച്ചവടത്തെ ബാധിച്ചു. ഈ പോസ് മിഷന്റെ തകരാറ് മൂലം ഓരോ ആഴ്ചയിലും ഉള്ള സമയ ക്രമീകരണത്തിലെ വ്യത്യാസം റേഷൻ മേഖലയിലെ കച്ചവടത്തെ തകിടംമറിച്ചു.
റേഷൻ ക്ഷേമനിധിയിൽ സർക്കാർ വിഹിതം അടക്കുന്നില്ലെന്നും മറ്റു ക്ഷേമനിധികളില്‍ സർക്കാർ വിഹിതം അടയ്ക്കുന്നുണ്ടെന്നും പ്രമേയം ചൂണ്ടിക്കാട്ടി. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ജെ ബാബുരാജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്‍റ് റീഫാസ് മീര അധ്യക്ഷത വഹിച്ചു. കെ.ആര്‍.ഇ.എഫ് സംസ്ഥാന ട്രഷററും ക്ഷേമനിധി ബോർഡ് അംഗവുമായ മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി അജയകുമാർ ജില്ലാ ട്രഷറര്‍ ഉഷ സുരേഷ്,മണ്ഡലം സെക്രട്ടറി സിജോ മടുക്കക്കുഴി,വി.ഡി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി റിഫാസ് മീര(പ്രസിഡന്‍റ്), സിജോ മടുക്കക്കുഴി(സെക്രട്ടറി), വി ഡി ജോസഫ്(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.