തൊടുപുഴ: എല്‍ ഡി എഫിന് തിരിച്ചടി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. തൊടുപുഴയില്‍ ഇടതുപക്ഷത്തിന്റെ തുറുപ്പുചീട്ടെന്ന് കരുതിയ കെ ഐ ആന്റണിയുടെ പത്രികയാണ് സൂഷ്മപരിശോധനയ്‌ക്കൊടുവിൽ തള്ളിയത്. ക്രിമിനല്‍ കേസ് മറച്ചുവെച്ചുവെന്നാണ് ആരോപണം. ക്രിമിനല്‍ കേസ് മറച്ച് വെച്ച് പത്രിക സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്. അതേസമയം, ക്രിമിനല്‍ കേസ് ഉള്ള വിവരം തനിക്കറിയില്ലെന്നായിരുന്നു കെ ഐ ആന്റണി വിഷയത്തോട് പ്രതികരിച്ചത്.
പി.ജെ.ജോസഫ് വര്‍ഷങ്ങളായി മത്സരിക്കുന്ന തൊടുപുഴ സീറ്റില്‍ അദ്ദേഹംതന്നെയാണ് ഇക്കുറിയും യു.ഡി.എഫ്. സ്ഥാനാര്‍ഥി. പി ശ്യാംരാജ് ആണ് ഇവിടുത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി. ചുവരെഴുത്തുകളും ബാനര്‍ സ്ഥാപിക്കലുമെല്ലാം തകൃതിയായി മുന്നേറുകയാണിവിടെ. കെ ഐ ആന്റണിയുടെ പേരിലും ചുവരെഴുത്തുകളുണ്ട്.
തങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് എന്‍.ഡി.എ. കഴിഞ്ഞ തവണ ഇരുമുന്നണികളെയും ഞെട്ടിച്ച് 25,000-ലേറെ വോട്ടുകളാണ് ബി.ഡി.ജെ. എസ്. സ്ഥാനാര്‍ത്ഥി നേടിയത്. ഇക്കുറി കഴിഞ്ഞ തവണത്തെക്കാളും അനുകൂലമായ സാഹചര്യമാണെന്നാണ് നേതാക്കള്‍ പറഞ്ഞത്. എന്നാല്‍, പുതിയ നീക്കം ഇടതുപക്ഷത്തിനു തിരിച്ചടിയായിരിക്കുകയാണ്.