കൊച്ചി : ലൈംഗികാരോപണ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ. പരാതിക്കാരിയായ യുവതിയെ പെരുമ്പാവൂരിലും കളമശ്ശേരിയിലുമുള്ള എം.എല്‍.എയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ജാമ്യാപേക്ഷയില്‍ വിധി വന്നതിനു ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.
എംഎല്‍എയ്‌ക്കെതിരെ വധശ്രമം കൂടി ചുമത്തിയതോടെ മുന്‍കൂര്‍ ജാമ്യത്തിനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ എല്‍ദോസിന്റെ അറിവോടെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന ഹര്‍ജി നെയ്യാറ്റിന്‍കര കോടതിയില്‍ യുവതി ഇന്ന് ഫയല്‍ ചെയ്യും. ഇന്നലെ എം.എല്‍.എക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ക്രൈംബ്രാഞ്ച് ചുമത്തിയിരുന്നു. വിശദീകരണം നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി നടപടിയും എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ ഉണ്ടാകും.
പരാതിക്കാരിയായ യുവതിയുടെ വീട്ടില്‍ നിന്ന് എല്‍ദോസ് കുന്നപ്പിള്ളിലിന്റെ വസ്ത്രം കണ്ടെത്തിയിരുന്നു. യുവതിയുടെ പേട്ടയിലെ വീട്ടില്‍ നിന്ന് വസ്ത്രവും മദ്യക്കുപ്പികളും പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യക്കുപ്പിയിലെ വിരലടയാളം പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ തനിക്കെതിരെ എംഎല്‍എ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി യുവതി രംഗത്തെത്തി. ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് തെറ്റായ പ്രചാരണം നടക്കുന്നത്. എംഎല്‍എ തന്നെ മാനസികമായി പീഡിപ്പിക്കുവെന്നും യുവതി ആരോപിച്ചു. എല്‍ദോസ് കുന്നപ്പിള്ളില്‍ പണം നല്‍കി വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണ്. ഒളിവിലിരിക്കെ എംഎല്‍എ ഓണ്‍ലൈന്‍ ചാനലിന് 50,000 രൂപ നല്‍കിയെന്നും പരാതിക്കാരി ആരോപിച്ചു.






























