തിരുവനന്തപുരം : നഗരസഭകളിലെയും കോര്‍പ്പറേഷനുകളിലെയും കെട്ടിട നികുതി വര്‍ദ്ധിപ്പിക്കാനുളള നീക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന് പുനര്‍ചിന്തനം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സാധാരണക്കാരെ ബുദ്ധിമുട്ടിപ്പിക്കുന്ന തീരുമാനം തിരിച്ചടിയാകുമെന്ന അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്.
ഭൂമിയുടെ ന്യായവിലയുടെ നിശ്ചിത ശതമാനം കൂടി മാനദണ്ഡത്തില്‍ ഉള്‍പ്പെടുത്തി കെട്ടിട നികുതി നിശ്ചയിക്കാനും ഇതുപ്രകാരമുളള വര്‍ദ്ധനയുടെ തോതുമാണ് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിലുളളത്. എന്നാല്‍ നികുതി വര്‍ദ്ധന ഉദ്ദേശിച്ചിരുന്നില്ലെന്നും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്താനുളള കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങളുടെ ഭാഗമായി ഭൂമിയുടെ ന്യായവില കൂടി ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്‌ടം നേരിടാന്‍ സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ രണ്ട് ശതമാനം കൂട്ടാന്‍ അനുവദിക്കാമെന്നാണു കേന്ദ്രം അറിയിച്ചത്. ഇതിനായി നഗരമേഖലയിലെ തദ്ദേശസ്ഥാപനങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനുളള തീരുമാനം.
സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വീടുകള്‍, വാണിജ്യ-വ്യവസായ കെട്ടിടങ്ങള്‍, മൊബൈല്‍ ടവര്‍, മാളുകളും സൂപ്പര്‍ മാര്‍ക്കറ്റും, തിയേറ്ററുകള്‍ തുടങ്ങിയവയുടെ വിസ്തീര്‍ണവും ഇവ നില്‍ക്കുന്ന ഭൂമിയുടെ ന്യായവിലയും അടിസ്ഥാനമാക്കി 16 ഇനങ്ങളിലായി നികുതി വര്‍ദ്ധനയുടെ വിവിധ സ്ലാബുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതുപ്രകാരം വീടുകളുടെ അടിസ്ഥാന വസ്തുനികുതിയില്‍ ചതുരശ്ര മീറ്ററിന് 6 മുതല്‍ 14 വരെ രൂപയാണ് വര്‍ദ്ധിപ്പിച്ചത്.
വാണിജ്യ കെട്ടിടങ്ങള്‍ക്ക് 40 മുതല്‍ 150 രൂപ വരെയും മൊബൈല്‍ ടവറുകള്‍ക്ക് 500 മുതല്‍ 600 രൂപയും അടിസ്ഥാനനികുതി കൂട്ടിയായിരുന്നു ഉത്തരവ്. ഇതില്‍ സേവന നികുതിയും ലൈബ്രറി സെസും മറ്റും ചേര്‍ത്താണ് നികുതി കണക്കാക്കാന്‍ ഉദ്ദേശിച്ചത്. പുതിയ മാനദണ്ഡപ്രകാരമുളള നികുതി നിരക്കുകള്‍ നിലവില്‍ വന്ന ശേഷം തുടര്‍ന്നുളള ഓരോ വര്‍ഷവും നികുതി അഞ്ച് ശതമാനം വരെ വര്‍ദ്ധിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
നികുതി വര്‍ദ്ധനയ്‌ക്കായി തദ്ദേശ വകുപ്പ് ഉത്തരവ് ഇറക്കിയാല്‍ മാത്രം മതിയാകില്ലെന്നും മുന്‍സിപ്പാലിറ്റി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളില്‍ ഭേദഗതി ആവശ്യമാണെന്നതും സര്‍ക്കാര്‍ കരുതുന്നു. ഇന്നലെ നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലടക്കം ഇക്കാര്യം ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് കെട്ടിട നികുതി വര്‍ദ്ധിപ്പിക്കാനുളള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ മാറി ചിന്തിക്കുന്നത്.