ദുബായ്: ദുബായിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനിയായ എമാർ പ്രോപ്പർട്ടീസ് ജീവനക്കാരുടെ വേതനം വെട്ടിക്കുറച്ചു. കമ്പനി ചെയർമാന്റെ ഒരു മാസത്തെ വേതനം പൂർണ്ണമായും വേണ്ടെന്ന് വെച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം തടസപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കമ്പനി കടുത്ത തീരുമാനത്തിലേക്ക് എത്തിയത്.
സീനിയർ മാനേജർമാർക്ക് അമ്പത് ശതമാനം വേതനമാണ് ലഭിക്കുക. മിഡിൽ മാനേജ്മെന്റ് ജീവനക്കാരുടെ 40 ശതമാനം വേതനം വെട്ടിക്കുറയ്ക്കും. ജൂനിയർ എംപ്ലോയീസിന്റെ 30 ശതമാനം വേതനവും കുറയ്ക്കും. ഏപ്രിൽ ഒന്ന് മുതലുള്ള വേതനമാണ് കുറയ്ക്കുക. കമ്പനിക്ക് ഇന്ത്യയിൽ ഗുരുഗ്രാമിൽ ഓഫീസുണ്ട്. ആഗ്ര, ലഖ്‌നൗ, ഡൽഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ റസിഡൻഷ്യൽ പ്രോപ്പർട്ടിയുണ്ട്. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന എംജിഎഫ് കമ്പനിയുമായി നേരത്തെ എമാർ ഗ്രൂപ്പ് യോജിച്ച് പ്രവർത്തിച്ചിരുന്നു.