തിരുവനന്തപുരം : സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കഴിഞ്ഞ വര്‍ഷത്തെ അതേ ബോണസും ഉത്സവബത്തയും അഡ്വാന്‍സും നല്‍കും. കോവിഡുമൂലമുള്ള സാമ്പത്തികപ്രയാസത്തിലും മുന്‍വര്‍ഷത്തെ ആനുകൂല്യങ്ങളില്‍ കുറവ് വരുത്തില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.
ശമ്പളവും പെന്‍ഷനും മുന്‍കൂറായി നല്‍കും. കഴിഞ്ഞവര്‍ഷം 4000 രൂപയായിരുന്നു ബോണസ്. പുതുക്കിയ സ്കെയില്‍ 27,360 രൂപവരെ മൊത്ത ശമ്പളമുള്ളവര്‍ക്ക് ആനുകൂല്യമുണ്ടാകും. ഇതിനുമുകളിലുള്ളവര്‍ക്ക് 2750 രൂപയാണ് പ്രത്യേക ഉത്സവബത്ത. പാര്‍ട്ട്ടൈം കണ്ടിന്‍ജന്റ്, കരാര്‍, ദിവസ വേതനക്കാര്‍, സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറത്ത് നിയമിക്കപ്പെട്ടവര്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും 1200 രൂപ മുതല്‍ മുകളിലോട്ട് ഉത്സവ ബത്ത ലഭിക്കും. പൊതുമേഖലയില്‍ ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് 2750 രൂപയാണ് കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ചത്. ഓണം അഡ്വാന്‍സായി 15,000 രൂപവരെ അനുവദിക്കും. ഗഡുക്കളായി തിരിച്ചടയ്‌ക്കേണ്ട തുകയാണിത്. പാര്‍ട്ട്ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ 5000 രൂപവീതം മുന്‍കൂറുണ്ടാകും. ആഗസ്തിലെ ശമ്പളവും സെപ്തംബറിലെ പെന്‍ഷനും മുന്‍കൂറായി നല്‍കും. 24, 25, 26 തീയതികളില്‍ വിതരണം പൂര്‍ത്തിയാക്കും.