കോന്നി : കോന്നിയുടെ സാമൂഹിക ഭൂപടത്തിൽ സാന്ത്വന പ്രവർത്തനങ്ങൾക്ക് ദിശാബോധം പകർന്ന ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ നിർവ്വഹിച്ചു. ഇതോടൊപ്പം പാലിയേറ്റീവ് ദിനാചരണവും നടന്നു.
കഴിഞ്ഞ എട്ടു വർഷമായി കോന്നി, മലയാലപ്പുഴ, പ്രമാടം, വള്ളിക്കോട്, അരുവാപ്പുലം പഞ്ചായത്തുകളിലെ 600 ഓളം കിടപ്പ് രോഗികളുടെ പരിചരണം നടത്തിവരികയാണ് ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി. കൂടാതെ ഭക്ഷണ കിറ്റുകളും നല്‍കുന്നുണ്ട്.
ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്മാരായ എൻ നവനിത്, രേഷ്മ മറിയം റോയി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തുളസി മണിയമ്മ, വർഗ്ഗീസ് ബേബി, സുജാത അനിൽ , രാഹുൽ വെട്ടൂർ, സൊസൈറ്റി ട്രഷറർ അഡ്വ.ടി എൻ ബാബുജി, സെക്രട്ടറി കെ.എസ് ശശികുമാർ, ടി രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ പ്രമാടം സ്വദേശി സുകുമാരപണിക്കർ മരുമകൾ മീന ശ്രീജിത്തിന്റെ ആദ്യ വേതനം സാന്ത്വന പ്രവർത്തനങ്ങൾക്കായി ജനിഷ് കുമാർ എം എൽ എ യ്ക്ക് കൈമാറി. സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് കേന്ദ്രീകരിച്ച രൂപം നൽകാൻ പുതിയ ഓഫീസ് ഉപകരിക്കുമെന്ന് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.