തിരുവനന്തപുരം : അധികാര ദുര്‍വിനിയോഗം ലക്ഷങ്ങള്‍ സമ്പാദിച്ച പരാതിയില്‍ ഡിജിപി സുദേഷ് കുമാറിനെതിരെ അന്വേഷണത്തിന് ഒരുങ്ങി ആഭ്യന്തര വകുപ്പ്. വിജിലന്‍സ് മേധാവി സ്‌ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് ഡിജിപി സുദേഷ് കുമാറിനെതിരെ ആഭ്യന്തരവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വിജിലന്‍സ് ഡയറക്‌ടര്‍ ആയിരുന്ന സുദേഷ് കുമാറിനെ ഒരാഴ്‌ച മുമ്പാണ് ജയില്‍ മേധാവി സ്‌ഥാനത്തേക്ക് മാറ്റിയത്. സുദേഷിനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ അന്വേഷണം തുടങ്ങുന്നതിന് മുന്നോടിയാണ് വിജിലന്‍സ് ഡയറക്‌ടര്‍ സ്‌ഥാനത്ത് നിന്നുള്ള മാറ്റം. അധികാര ദുര്‍വിനിയോഗത്തിന്റെയും അനധികൃത സമ്പാദ്യത്തിന്റെയും പരാതികളാണ് ആഭ്യന്തരവകുപ്പിന് ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങി പണം നല്‍കിയില്ലെന്നും ഗതാഗത കമ്മീഷണര്‍ ആയിരിക്കെ വന്‍തുക കൈക്കൂലി വാങ്ങിയെന്നതും ഉള്‍പ്പടെ ഒട്ടെറെ പരാതികളാണ് ഇദ്ദേഹത്തിനെതിരെ ആഭ്യന്തര സെക്രട്ടറിക്ക് ലഭിച്ചത്. തിരുവനന്തപുരത്തെ പ്രമുഖ ജ്വല്ലറിയില്‍ നിന്ന് മകള്‍ക്കൊപ്പം എത്തിയ സുദേഷ് ഏഴ് പവന്‍ സ്വര്‍ണം വാങ്ങി. 5 ശതമാനം ഡിസ്‌കൗണ്ട് നല്‍കാമെന്ന് ജ്വല്ലറി അറിയിച്ചപ്പോള്‍ ഉടമയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി 95 ശതമാനം ഡിസ്‌കൗണ്ട് നേടി.
2016 ഒക്‌ടോബര്‍ 28ന് കുടുംബസമേതം ചൈന സന്ദര്‍ശിച്ചു. യാത്രാ ചിലവായ 15 ലക്ഷത്തിലേറെ രൂപ സ്പോണ്‍സര്‍ ചെയ്‌തത് കോഴിക്കോടുകാരനായ ഖത്തറിലെ വ്യവസായിയായിരുന്നു. മറ്റു വിലപിടിപ്പുള്ള പാരിതോഷികങ്ങളും വ്യവസായില്‍ നിന്ന് വാങ്ങി. ബിസിനസുകാരുടെ കൈയില്‍ നിന്ന് പണം വാങ്ങി സര്‍ക്കാര്‍ അനുമതി ഇല്ലാതെ ആറ് തവണ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഗതാഗത കമ്മീഷണര്‍ ആയിരിക്കെ നിയമനത്തിലും സ്‌ഥലം മാറ്റത്തിലും ഇടപെട്ട് ഇടനിലക്കാര്‍ വഴി ലക്ഷങ്ങള്‍ കോഴ വാങ്ങി വിദേശത്തുള്ള മകന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. തുടങ്ങിയവയാണ് സുദേഷ് കുമാറിനെതിരെ ആഭ്യന്തരവകുപ്പിന് ലഭിച്ച പരാതികള്‍. പരാതികളുടെ അടിസ്‌ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശ. പരാതിയില്‍ മുഖ്യമന്ത്രിയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് ആഭ്യന്തരവകുപ്പ്.