കണ്ണൂര്‍: താനല്ല, തന്റെ പട്ടി പോലും ബിജെപിയില്‍ പോകില്ലെന്ന് കെപിസിസി പ്രസിഡന്റും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന്‍. സുധാകരന്റെ മുന്‍ പിഎ ബിജെപിയില്‍ ചേര്‍ന്നതും, അടുത്ത അനുയായിയായ രഘുനാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായതും ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കെ സുധാകരന്റെ പ്രതികരണം. ‘എന്നെ അറിയുന്നവര്‍ എവിടെയെങ്കിലും പോയാല്‍ ഞാനാണോ ഉത്തരവാദി? ആരെങ്കിലും ബിജെപിയിലേക്ക് പോയതിന് ഞാന്‍ എന്ത് പിഴച്ചു?. ഞാന്‍ ബിജെപിയില്‍ പോകും എന്ന് പറയുന്നതിന് അടിസ്ഥാനമില്ല. എനിക്ക് പോകണമെങ്കില്‍ എന്നേ പോകാമായിരുന്നു? എനിക്കൊരു പട്ടിയുണ്ട്. ബ്രൂണോ എന്നാണ് പേര്. അത് പോലും ബിജെപിയിലേക്ക് പോകില്ല’ – കെ സുധാകരന്‍ പറഞ്ഞു. സുധാകരന്റെ പ്രതികരണത്തിന് മറുപടിയുമായി കണ്ണൂരിലെ ഇടതു സ്ഥാനാര്‍ത്ഥി എംവി ജയരാജന്‍ രംഗത്തെത്തി. വളര്‍ത്തു നായക്ക് വിവേകമുണ്ട്. അതു ബിജെപിയില്‍ പോകില്ല. ബിജെപി വളര്‍ത്തുകയല്ല കൊലപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന് അതിനറിയാം. രാഷ്ട്രീയ വിവേകമില്ലായ്മയാണ് പ്രശ്‌നമെന്നും എംവി ജയരാജന്‍ പറഞ്ഞു.
പ്രചാരണത്തിന്റെ ആദ്യഘട്ടത്തിലേ ഇടതുപക്ഷം പറഞ്ഞത് കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കൊള്ളില്ല, അവര്‍ ബിജെപിയിലേക്ക് പോകുന്നവരാണ് എന്ന്. അതു ശരിവെക്കുന്നതാണ് കെ സുധാകരന്റെ മുന്‍ പിഎ ബിജെപിയിലേക്ക് പോയത്. ഒരു ഡിസിസി സെക്രട്ടറി ബിജെപിയിലേക്ക് പോയത്. ഞങ്ങള്‍ പറഞ്ഞ കാര്യം സാധൂകരിക്കുകയാണ് ചെയ്തിരിക്കുന്നത്. പറഞ്ഞ കാര്യം വസ്തുതയാണെന്ന് അനുഭവത്തിലൂടെ ജനങ്ങള്‍ക്ക് ബോധ്യമായെന്നും എം വി ജയരാജന്‍ അഭിപ്രായപ്പെട്ടു.