ഏലൂർ: സെന്റ് ആൻസ് സ്കൂളിനു സമീപം 110 കെവി വൈദ്യുതി ലൈനിൽ നിന്നുള്ള അമിത വൈദ്യുതി പ്രവാഹം നാട്ടുകാരെ ഭീതിയിലാക്കി. വലിയ പൊട്ടിത്തെറി ശബ്ദം കേട്ടും തീഗോളം കണ്ടു ഭയന്നും വീട്ടുകാർ വീടുകളിൽ നിന്നു പുറത്തേക്കോടി. പല വീടുകളിലെയും വൈദ്യുതോപകരണങ്ങൾ കത്തിനശിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. കളമശേരി സബ്സ്റ്റേഷനിൽ നിന്നു കാർബോറാണ്ടം കമ്പനിയിലേക്കു വൈദ്യുതിയെത്തിക്കുന്ന ലൈനിൽ നിന്നാണ് അമിത വൈദ്യുതി പ്രവാഹം ഉണ്ടായത്. തുപ്പനത്ത് ടി.പി.മരയ്ക്കാർ വാടകയ്ക്കു നൽകിയ ഇരുനില കെട്ടിടത്തിലാണ് അമിത വൈദ്യുതി പ്രവാഹത്തിന്റെ ആഘാതം ഉണ്ടായത്. അനിൽകുമാറും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. കെട്ടിടത്തിന്റെ വയറിങ്ങുകളും ഉപകരണങ്ങളുമെല്ലാം കത്തിനശിച്ചു. അനിൽകുമാറിന്റെ അമ്മയും മകളും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകട കാരണം വ്യക്തമായിട്ടില്ല. കെഎസ്ഇബിയുടെ ചട്ടങ്ങൾക്കു വിരുദ്ധമായിട്ടാണ് ഈ കെട്ടിടം നിർമിച്ചിട്ടുള്ളതെന്നും അപകട സാധ്യതയുണ്ടെന്നും കാണിച്ചു 2019 ജൂൺ മുതൽ സമീപവാസികൾ അധികാരികൾക്കു പലപ്രാവശ്യം പരാതി നൽകിയിരുന്നതാണ്. അനധികൃതമായി നടത്തിയിട്ടുള്ള നിർമാണങ്ങൾക്കെതിരെ കെഎസ്ഇബി നോട്ടിസ് നൽകിയിരുന്നു. നഗരസഭ നടപടികൾ സ്വീകരിച്ചില്ല. ഭാവിയിൽ അപകടം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സമീപവാസി പാണാട്ടിൽ പി.ബി.ഉമ്മർ ഇന്നലെ വീണ്ടും പരാതി നൽകി. മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ കെട്ടിടത്തിനു വീണ്ടും വൈദ്യുതി കണക്‌ഷൻ നൽകില്ലെന്നു കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു.