പാലക്കാട്: ഒറ്റപ്പാലത്ത് ഒൻപത് കിലോഗ്രാമിലധികം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ബ്രഹ്മ ബാലിയാർ സിംഗ് (25) എന്നയാളാണ് 9.155 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. വിപിൻദാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) എൻ.പ്രേമാനന്ദകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ സുദർശനൻ നായർ, രാജേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ദേവകുമാർ, രാജേഷ്. കെ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമദ് ഫിറോസ്, പ്രദീപ് എന്നിവരും എക്സൈസ് പരിശോധനാ സംഘത്തിലുണ്ടായിരുന്നു. മറ്റൊരു സംഭവത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ 7.1 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്സൈസും റെയിൽവെ സംരക്ഷണ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. എന്നാൽ ഇത് കൊണ്ടുവന്നവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രതിയ്ക്കായുള്ള അന്വേഷണം എക്സൈസ് ഊർജ്ജിതമാക്കി.
കോട്ടയം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം.സൂരജ് നേതൃത്വം നൽകിയ സംയുക്ത പരിശോധനയിൽ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ പി.ജി രാജേഷ്, എക്സൈസ് ഐ.ബി ഇൻസ്പെക്ടർ ജി.കിഷോർ, എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ഫിലിപ് തോമസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബൈജു മോൻ, രഞ്ജിത്ത്. കെ.നന്ത്യട്ട്, നൗഷാദ് എം, സ്പെഷ്യൽ സ്‌ക്വാഡ് സിവിൽ എക്സൈസ് ഓഫീസർ കെ.സുനിൽകുമാർ എന്നിവരും റെയിൽവെ സംരക്ഷണ സേന, കോട്ടയം റെയിൽവേ പോലീസ് എന്നിവയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.