പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന കോടയും വാറ്റുപകരണങ്ങളും പിടികൂടി. എരുമേലി പമ്പാവാലി കണമല ബൈപാസ് റോഡിൽ തെനിയപ്ലാക്കൽ റോബിൻ റ്റി.ജോർജിന്റെ പുരയിടത്തിൽ നിന്നുമാണ് ചാരായവും കോടയും പിടികൂടിയതെന്ന് എക്സൈസ് സംഘം അറിയിച്ചു. തീര്‍ത്തും ദുര്‍ഘടം നിറഞ്ഞ സ്ഥലത്ത് നിന്നുമാണ് ഇവ പിടിച്ചെടുത്തത്. പ്രധാന റോഡിൽ നിന്നും പറമ്പുകളും ഇടവഴികളും പിന്നിട്ട് മുപ്പതിലേറെ നടകളും കുത്തുകയറ്റവും കടന്നെത്തിയ സംഘം മലഞ്ചെരിവിലെ റബർ തോട്ടത്തിൽ സൂക്ഷിച്ച നിലയില്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തുകയായിരുന്നു. 320 ലിറ്റർ കോടയും ഒരു ലിറ്റർ വാറ്റുചാരായവും പിടിച്ചെടുത്തു. പുരയിടത്തിലേക്ക് എക്സൈസ് സംഘം എത്തുമ്പോൾ ഒരു ലിറ്റർ വാറ്റു ചാരായവുമായി വീട്ടുടമ നടന്നുവരികയായിരുന്നു. ഇയാൾ വളർത്തുന്ന അഞ്ച് നായകൾ കുരച്ചു ബഹളം വെച്ചതോടെ എക്സൈസ് സംഘം ദൂരെ നിന്നും വരുന്നതറിഞ്ഞ വീട്ടുടമ വാറ്റുചാരായം നിറച്ച കുപ്പി താഴെ ഇട്ടിട്ട് ഓടി രക്ഷപെട്ടു.
ഓണക്കാലത്ത് വിൽക്കാൻ തയ്യാറാക്കിയതായിരുന്നു ഇവയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടന്നത്. ഓടി രക്ഷപെട്ട പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വരുന്നത് തിരിച്ചറിയുവാനാണ് ഇയാള്‍ അഞ്ച് നായകളെ വളർത്തിയിരുന്നത്. ജനവാസമേഖലയില്‍ നിന്നും മാറി വിജനമായ പ്രദേശത്തായിരുന്നു ചാരായ നിർമ്മാണം. എരുമേലി എക്സൈസ് റേഞ്ച് അസി.ഇൻസ്‌പെക്ടർ പി.എസ് ഷിനോ റെയ്ഡിന് നേതൃത്വം നൽകി. പ്രിവന്‍റിവ് ഓഫീസർ പി.ആർ രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സനൽ മോഹൻദാസ്, ഷെഫീൽ പി.ഷൗക്കത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിശ്വശ്രീ പി.വിശ്വനാഥ്, ഡ്രൈവർ ഒ.എ.ഷാനവാസ് എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.






























