റാന്നി : പ്രളയബാധിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തിര ധനസഹായം വിതരണം ചെയ്യാത്തതിലും പ്രതിസന്ധിയിലായ വ്യാപാരികൾക്കായി സർക്കാർ ഗ്യാരണ്ടിയിൽ പ്രഖ്യാപിച്ച ബാങ്ക് വായ്പ പൂർണ്ണമായി അട്ടിമറിച്ചതിലും പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുവാന്‍ കേരള കോൺഗ്രസ് (എം) റാന്നി നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പ്രകൃതി ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട സാധാരണക്കാരെയും വ്യാപാരികളെയും വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. മാധ്യമങ്ങൾക്ക് മുന്നിൽ വൻ പ്രഖ്യാപനങ്ങൾ നടത്തുകയും പിന്നീട് ജനങ്ങളെ ദുരിതത്തിലാക്കുകയും ചെയ്യുന്ന പ്രഖ്യാപന തട്ടിപ്പാണ് നടക്കുന്നത്. കർഷകരെയും പരിസ്ഥിതിലോല പ്രദേശങ്ങളിലെ ജനങ്ങളെയും ആശങ്കയിലാക്കുന്ന ഭരണകൂടത്തിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്നും കേരള കോൺഗ്രസ്(എം)നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
പ്രളയബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം അടിയന്തിരമായി ബാങ്ക് അക്കൗണ്ടുകൾ വഴി വിതരണം ചെയ്യുക, സർക്കാർ ഗ്യാരണ്ടിയിൽ വ്യാപാരികൾക്ക് പ്രഖ്യാപിച്ച കുറഞ്ഞ പലിശ നിരക്കിലുള്ള പുനരധിവാസ വായ്പകൾ തടസ്സങ്ങളില്ലാതെ ലഭ്യമാക്കുക, ഇ.എസ്.എ വിഷയത്തിൽ ജനവാസമേഖലകളെയും കൃഷിഭൂമികളെയും പൂർണ്ണമായി ഒഴിവാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടന്‍ വിജ്ഞാപനമിറക്കുക എന്നീ ആവശ്യങ്ങൾ ഉടന്‍ നടപ്പിലാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും നിയോജക മണ്ഡലം കമ്മറ്റി അറിയിച്ചു.
കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം അഡ്വ.ജോബ് മൈക്കിൾ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ്ജ് എബ്രഹാം അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ അഡ്വ.പ്രമോദ് നാരായൺ, ജില്ലാ പ്രസിഡന്റ് സജി അലക്സ്, ജില്ലാ സെക്രട്ടറിമാരായ ബിബിൻ കല്ലംപറമ്പിൽ, ഷെറി തോമസ്, ടോമി വടക്കേമുറിയിൽ, റിന്റോ തോപ്പിൽ, എം.സി.ജയകുമാർ, ബോബി കാക്കനാംപള്ളി, ബെഹനാൻ ജോസഫ്, രാജു ഇടയാടിയിൽ, സാബു കുറ്റിയിൽ, ടോം ആയല്ലൂർ, ശോഭ ചാർലി, അനീന സാമുവേൽ, ശോഭന എൻ.എസ്, സിബി ജയിംസ്, ദിലീപ് ഫിലിപ്പ്, മാത്തുക്കുട്ടി ഏഴേകുന്നേൽ, ടിബു പുരക്കൽ തോമസ് മാത്യു, കോശി എബ്രഹാം, ടോമി പാറക്കുളങ്ങര, മാത്തുക്കുട്ടി നോച്ചുമണ്ണിൽ എന്നിവർ പ്രസംഗിച്ചു.































