തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഫേയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് പണം തട്ടുന്ന സംഘം സംസ്ഥാനത്ത് സജീവം. വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടേയും വിരമിച്ച ഉദ്യോഗസ്ഥരുടേയും പേരില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. കൊല്ലം, കോട്ടയം, ആലപ്പുഴ, മലപ്പുറം, തിരുവനന്തപുരം, കണ്ണൂര്‍ അടക്കമുള്ള ജില്ലകളിലാണ് കൂടുതലായി വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചത്. സംസ്ഥാന സൈബര്‍ സെല്‍ തട്ടിപ്പ് സംബന്ധിച്ച വിവരം ഇന്റര്‍പോളിന് കൈമാറി. നൈജീരിയ കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥരുടേയും വിരമിച്ച ഉദ്യോഗസ്ഥരുടേയും വ്യാജ ഫേയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിക്കുന്ന സംഘം മറ്റുള്ളവരോട് സൗഹൃദം സ്ഥാപിക്കും. തുടര്‍ന്ന് പണം ആവശ്യപ്പെടും. 2000 മുതല്‍ 50,000 വരയാണ് ആവശ്യപ്പെടുക. അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാണ് ആവശ്യപ്പെടുക. കണ്ണൂര്‍ ജില്ലയിലെ ഒരു എസ്‌ഐയുടെ പേര് ഉപയോഗിച്ച് 20,000 രൂപ സംഘം തട്ടിയെടുത്തു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ സ്വകാര്യ കമ്പനി ഉടമകള്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരിലും ഇത്തരത്തില്‍ വ്യാപകമായ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിവരം.