പത്തനംതിട്ട : പത്തനംതിട്ടയില്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തമ്മില്‍ സ്വരചേര്‍ച്ച ഇല്ലെന്ന മട്ടില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും ഇത്തരം വാര്‍ത്തകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
മകളുടെ ആശുപത്രിവാസവും പ്രസവവുമായി ബന്ധപ്പെട്ടാണ് ഡിഎംഒ മേയ് 11 മുതല്‍ 30 വരെ അവധിയില്‍ പ്രവേശിച്ചത്. എന്നാല്‍ ഇത് ജില്ലാ കളക്ടറുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണെന്ന് വാര്‍ത്തയില്‍ പറയുന്നു. കളക്ടര്‍ ക്വാറന്റൈനില്‍ പോകാന്‍ ഡിഎംഒ ആവശ്യപ്പെട്ടതായി പറയുന്നതും വാസ്തവ വിരുദ്ധമാണ്. ത്രീലെയര്‍ മാസ്‌ക്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചുമാണ് കളക്ടര്‍ വിദേശത്തു നിന്നു വന്ന യാത്രക്കാരുമായി ബന്ധപ്പെട്ടത്. അതിനാല്‍ കളക്ടര്‍ ക്വാറന്റൈനില്‍ പോകേണ്ട ആവശ്യമില്ല. ദൈനംദിന അവലോകന യോഗം കളക്ടറുടെ ചേംബറില്‍ തന്നെയാണ് എല്ലാ ദിവസവും നടക്കുന്നത്.
ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ഇതര വകുപ്പുകളും ചേര്‍ന്ന് ഒറ്റമനസോടെയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വിജയകരമായി നടപ്പാക്കുന്നത്. വ്യാജ വാര്‍ത്തകള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡിഎംഒ അറിയിച്ചു.