പത്തനംതിട്ട : കൊവിഡ് 19 ആയി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയതിൽ പത്തനംതിട്ടയിൽ ഒരാൾക്കെതിരെ കേസ്സെടുത്തു. ഇറ്റലിയിൽ നിന്നെത്തിയ പന്തളം സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് പ്രവാസിക്കെതിരെയാണ് പന്തളം പോലീസ് കേസ്സെടുത്തത്. സമൂഹ മാധ്യമങ്ങളിലാണ് വ്യാജ പ്രചാരണം നടത്തിയത്.
ജില്ലയിൽ 12 പേരുടെ സ്രവ സാംപിൾ പരിശോധന ഫലം വരാനുണ്ട്. 21 പേരാണ് കോവിഡ് 19 ലക്ഷണങ്ങളുമായി പത്തനംതിട്ടയിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 788 പേരടക്കം വീടുകളിൽ 1254 പേർ നിരീക്ഷണത്തിലുണ്ട്.12 പരിശോധനാ ഫലങ്ങളാണ് ഇനി വരാനുള്ളത്. ബസ്സ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ 70 സംഘങ്ങൾ നടത്തിയ പരിശോധനകളിൽ പനി ലക്ഷണങ്ങൾ കണ്ടെത്തിയവർ 6 പേരോട് വീടുകളിൽ തുടരാൻ നിർദേശം നൽകി.
കോവിഡ് ലക്ഷണങ്ങളുള്ള ഇതര സംസ്ഥാന തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് കൂടുതൽ പേർ എത്തുന്ന സാഹചര്യത്തിൽ താഴെ തട്ടിൽ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനാണ് തീരുമാനം. ഒരാഴ്ചയിലധികം നിലവിലുള്ള രീതിയിൽ ട്രാക്കിംക്ക് സംവിധാനം പ്രവർത്തിക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ. നിരീക്ഷണത്തിലുള്ളവർ സഹകരിക്കാത്തത് ആരോഗ്യവകുപ്പ് ജീവനക്കാർക്കും ജില്ലാ ഭരണകൂടത്തിനും വെല്ലുവിളി ആകുന്നുണ്ട്.