കൊച്ചി : ഇടുക്കിയില്‍ വനിതാ കൗണ്‍സിലര്‍ പതിനാലു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയത് വ്യാജ പരാതി ആണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വ്യാജ പരാതി നല്‍കിയതിന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. മൂന്നാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് വനിതാ കൗണ്‍സിലര്‍ പതിനാലു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പരാതി ഡിവൈഎസ്പിക്ക് നല്‍കിയത്.
ഐസിഡിഎസ് വകുപ്പില്‍നിന്ന് സ്‌കൂളിലെ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിങ് നല്‍കുന്നതിനുമായി നിയമിച്ച ഇരുപത്തഞ്ചുകാരിക്കെതിരേയാണ് ഇവര്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് മൂന്നാറിലെ തോട്ടം മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ വനിതാ കൗണ്‍സിലര്‍ ഒമ്പതാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതായി വാര്‍ത്ത വന്നത്. പ്രമുഖ പത്രങ്ങളിലൊക്കെ ഇതിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് വ്യാജ പരാതിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.
കൗണ്‍സിലറായ യുവതി കുട്ടിയോട് മോശമായി ഇടപെടുന്നത് സ്‌കൂളിലെ പലരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും ഇവര്‍ പരാതിയില്‍ ആരോപിച്ചിരുന്നു. ഈ കാര്യങ്ങള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കെട്ടിച്ചമച്ചതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. അതേസമയം ഇത്തരത്തില്‍ വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് വനിതാ കൗണ്‍സിലര്‍. മാനസികമായി അനുഭവിച്ച പീഡനത്തിനും ഒറ്റപ്പെടലിനും വിധേയയായ ഈ സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും അവര്‍ ആവശ്യപ്പെട്ടു.