വാളയാര്‍: ദേശീയപാത 544ല്‍ മരുത റോഡ് പെട്രോള്‍ പമ്പിന് സമീപം പോലീസ് വേഷത്തിലെത്തിയ ആറംഗ സംഘം വ്യവസായികളെ മര്‍ദിച്ച് കാര്‍ തട്ടിയെടുത്തു. കോഴിക്കോട് പയ്യോളി വലിയമുറ്റത്ത് മുനീര്‍ (46), പാലക്കാട് സ്റ്റേഡിയം ബസ്സ്റ്റാന്‍ഡിന് സമീപം ചിറയില്‍ നവനീത് (27) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
വടികൊണ്ടുള്ള അടിയേറ്റ് നവനീതിന്റെ കൈക്ക് പൊട്ടലുണ്ട്. തലയുടെ മുറിവില്‍ ആറ് സ്റ്റിച്ചുണ്ട്. മുനീറിന്റെ പുറത്തും സാരമായ പരിക്കുണ്ട്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. നല്ലേപ്പിള്ളിയില്‍ യുണൈറ്റഡ് പോളിമേഴ്സ് എന്ന സ്ഥാപനം നടത്തുകയാണ് മുനീര്‍. ബിസിനസ് പങ്കാളിയാണ് നവനീത്. തിരുപ്പൂരിലേക്ക് വ്യാപാരാവശ്യാര്‍ഥം ബുധനാഴ്ച വൈകിട്ടാണ് ഇരുവരും പോയത്.
തിരിച്ചുവരുന്നതിനിടെ മരുത റോഡിലാണ് സംഭവം. മെറൂണ്‍ കളര്‍ ടാറ്റാ സുമോയിലും വെള്ള നിറത്തിലുള്ള മറ്റൊരു വാഹനത്തിലുമെത്തിയ ആറുപേരാണ് ആക്രമണം നടത്തിയതെന്ന് മുനീര്‍ കസബ പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. പോലീസ് വേഷധാരികളായ രണ്ടുപേരെത്തി ഗ്ലാസില്‍ ഇടിച്ച് തുറക്കാന്‍ ആംഗ്യം കാട്ടി. ഗ്ലാസ് ഉയര്‍ത്തിയപ്പോള്‍ താക്കോല്‍ ഊരിയെടുത്തു. പിന്നാലെ വന്ന നാലുപേര്‍ വടികൊണ്ട് മര്‍ദനം തുടങ്ങി. പിന്നീട് കാറുമായി കടന്നു. മൈസൂരുവിലെ പ്ലാസ്റ്റിക്ക് കുപ്പി നിര്‍മാണ ഫാക്ടറിയിലെ പങ്കാളികളാണ് നവനീതും മുനീറും. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.