പത്തനംതിട്ട : പ്രതിഷേധം കണക്കിലെടുക്കാതെ കർഷക ബിൽ പാസാക്കിയ കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ കർഷക സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട പറഞ്ഞു.
രാജ്യത്തെ കർഷക സമൂഹം ചരിത്രത്തിലില്ലാത്ത വെല്ലുവിളിയാണ് നേരിടുന്നത്. കോവിഡിന്റെ ആശങ്കകൾക്കിടയിൽ പുതിയ കർഷകവിരുദ്ധ നിയമങ്ങളിലൂടെ കർഷകരെ ഇല്ലായ്മ ചെയ്യുകയാണ്. “ഒരു രാജ്യം ഒരു കർഷക വിപണി” എന്ന മോഹന മുദ്രാവാക്യത്തിലൂടെ കർഷകരുടെ മണ്ണും വിത്തും വിളയും അധ്വാനവും മാത്രമല്ല ഓരോ കർഷക കുടുംബത്തിന്റെയും ജീവിതം തന്നെ കോർപ്പറേറ്റുകൾക്ക് അടിയറവ് വെയ്ക്കുകയാണ്. രാജ്യത്തെ ഉപഭോഗം പോലും കണക്കാക്കാതെ വൻ തോതിൽ ഭക്ഷ്യവസ്തു സംസ്കരണവും കയറ്റുമതിയും ലക്ഷ്യം വെച്ചുള്ള ഭക്ഷ്യ വ്യവസായ ലോബിയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ളതാണ് പുതിയ നിയമം.
കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ സമീപനങ്ങളിൽ പ്രതിഷേധിച്ച് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ കുമ്പഴ കളീക്കൽ പടിയിൽ നിന്നും പത്തനംതിട്ട പോസ്റ്റോഫീസിലേക്ക് ലോങ്ങ് മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അറിയിച്ചു.