പന്തളം : മഴക്കാലത്തെ കൊയ്ത്ത് മാത്രമല്ല, കൊയ്തെടുക്കുന്ന നെല്ല് ഉണങ്ങിവില്ക്കാനും ചിറ്റിലപ്പാടത്തെ കര്‍ഷകര്‍ ബുദ്ധിമുട്ടുന്നു. കൊയ്ത്ത് അടുക്കുമ്പോള്‍ വേനല്‍മഴയും വെള്ളവുമാണ് വില്ലനെങ്കില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി കളംകയറലും നെല്ലുണക്കലും പ്രശ്നമാണ്. പാടത്തിന്റെ തീരത്തുള്ള നാദനടി കളത്തിനോടു ചേര്‍ന്നുണ്ടായിരുന്ന റവന്യൂ പുറംപോക്കുഭൂമി ഏഴുപേര്‍ക്ക് വീടുവെക്കാനായി പകുത്ത് നല്‍കിയതോടെയാണ് കര്‍ഷകര്‍ കളംകയറുന്നതിനായി ബുദ്ധിമുട്ടുന്നത്.
200 ഏക്കര്‍ വിസ്തൃതിയുള്ള ചിറ്റിലപ്പാടത്തെ നെല്ല് മുഴുവന്‍ ഉണക്കിയെടുക്കുവാനുള്ളത് വളരെ കുറച്ച് സ്ഥലം മാത്രമാണ്. കഴിഞ്ഞവര്‍ഷം സ്ഥലം വാടകക്കെടുത്താണ് കര്‍ഷകര്‍ നെല്ല് ഉണക്കിയെടുത്തത്. ഉണക്ക് കുറവായാല്‍ സപ്ലൈകോ നെല്ല് സംഭരിക്കുകയുമില്ല. വൈക്കോല്‍ ഉണക്കിയെടുക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ കര്‍ഷകര്‍ വൈക്കോല്‍ സംഭരണം നടത്തുന്നുമില്ല.