റാന്നി : ജില്ലയുടെ കിഴക്കൻ മേഖലയിൽ കർഷക ഭൂമിയിൽ നട്ടുപിടിപ്പിച്ച ആഞ്ഞിലി, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങൾ വീട്ടാവശ്യത്തിനായി മുറിച്ചെടുക്കാൻ അനുവദിക്കാത്ത ഉദ്യോഗസ്ഥ നിലപാടിനെതിരെ പ്രതിഷേധവുമായി കർഷകർ. കിഴക്കൻ മേഖലയിലെ കൈവശക്കാർക്ക് നൽകിയ പട്ടയങ്ങൾ ഏകീകരിച്ച് നൽകണമെന്നും ആവശ്യമുയരുന്നു. പമ്പാവാലി, തുലാപ്പള്ളി പ്രദേശത്തെ കർഷകരെ അടക്കം ദ്രോഹിക്കുന്ന നടപടികളാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നാണ് പരാതി.
കർഷക ഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ അടിയന്തിരാവശ്യങ്ങളിൽ പോലും മുറിച്ചെടുക്കാൻ കഴിയാതെ കഷ്ടത്തിലാണ് കർഷക കുടുംബങ്ങൾ. കുട്ടികളുടെ പഠനം, വിവാഹം, വീടു നിർമ്മാണം തുടങ്ങിയ ആവശ്യങ്ങളിൽ പോലും മരങ്ങൾ മുറിച്ചെടുക്കുന്ന കർഷകർക്കെതിരെ കേസെടുക്കുന്ന നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ പമ്പാവാലി , തുലാപ്പള്ളി പ്രദേശങ്ങളിൽ വർഷങ്ങളായി നാട്ടുകാർ പ്രതിഷേധത്തിലാണ്. കാട്ടിൽ നിന്ന് കള്ളത്തടി വെട്ടി കടത്തുന്ന വന മാഫിയക്കെതിരെ പലപ്പോഴും നീങ്ങാൻ കഴിയാത്ത വനം വകുപ്പുദ്യോഗസ്ഥരാണ് പാവപ്പെട്ട കൈവശ കർഷകരെ ദ്രോഹിക്കാൻ അരയും തലയും കെട്ടി മുന്നിട്ടിറങ്ങുന്നത്.
വ്യവസ്ഥകളില്ലാതെ പമ്പാവാലി പ്രദേശത്തെ കർഷകരുടെ കൈവശ പട്ടയങ്ങൾ ഏകീകരിച്ച് നൽകണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം. 1960 കാലഘട്ടം മുതൽ കൈവശത്തിലുള്ള പമ്പാവാലിയിലെ കർഷകർക്ക് കിട്ടിയ പട്ടയങ്ങളിൽ 15, 25 വർഷങ്ങൾ വരെ കൈമാറ്റാവകാശം പാടില്ലെന്ന വ്യവസ്ഥയുണ്ട്. എന്നാൽ ചിലരുടേത് സാധാരണ പട്ടയങ്ങളുമാണ്. നാളുകളായി ഇത്തരം പട്ടയങ്ങൾ എകീകരിച്ച് നൽകണമെന്ന ആവശ്യവുമായി നാട്ടുകാർ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ അടിയന്തിര സർക്കാർ നടപടികളുണ്ടാകണമെന്നാവശ്യപ്പെട്ട് കർഷകർ വനം വകുപ്പു മന്ത്രി,അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ എന്നിവർക്ക് നിവേദനം നൽകി.