ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയാറാകാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദിനൊരുങ്ങുന്നു. മാര്‍ച്ച് 26ന് ബന്ദ് നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. കര്‍ഷക സമരം നാല് മാസം പിന്നിട്ട പശ്ചാത്തലത്തിലാണ് കൂടുതല്‍ ശക്തമായ സമരവുമായി സംഘടനകള്‍ രംഗത്തെത്തുന്നത്.
മാര്‍ച്ച് 15ന് ഇന്ധനവില വര്‍ധനക്കെതിരെയും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. ചില വ്യാപാര സംഘടനകള്‍ പ്രതിഷേധത്തിന് പിന്തുണയറിയിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഇനിയും ട്രാക്ടര്‍ റാലി നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. ഒരു ലക്ഷം ട്രാക്ടറുകള്‍ അണിനിരത്തി പാര്‍ലമെന്‍റിലേക്ക് റാലി നടത്താന്‍ മടിക്കില്ലെന്ന് കര്‍ഷക സംഘടന നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ നടക്കുന്ന ഐതിഹാസികമായ കര്‍ഷക സമരം 100 ദിവസം പിന്നിട്ടത്. േകന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിന് രാജ്യവ്യാപക പിന്തുണയാണ് ലഭിക്കുന്നത്.