ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ തെരുവിലിറങ്ങിയ കര്‍ഷക സംഘടനകളെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കര്‍ഷക സംഘടനകളുമായി അനുനയ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.
പ്രതിഷേധം കടുത്തതോടെയാണ് കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വവും അനുനയ സ്വരത്തിലേക്ക് എത്തിയത്. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ ഔദ്യോഗിക വസതിയില്‍ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, രാജ്നാഥ് സിംഗ് എന്നിവരാണ് ബിജെപി അധ്യക്ഷന്‍ വിളിച്ച യോഗത്തിനെത്തിയത്.
കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ 48 മണിക്കൂറിനിടെ ബിജെപിയുടെ ഉന്നത നേതാക്കള്‍ ഇത് രണ്ടാം തവണയാണ് യോഗം ചേര്‍ന്നത്. ജമ്മു കാഷ്മീര്‍ അതിര്‍ത്തി സന്ദര്‍ശനം ഒഴിവാക്കിയാണ് അമിത് ഷാ യോഗത്തിനെത്തിയത്. നിയമത്തിന്റെ ഉദ്ദേശശുദ്ധി കര്‍ഷക സംഘടനകളെ ബോധ്യപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ആദ്യം ഉണ്ടാകാന്‍ പോകുന്നത്. കര്‍ഷകര്‍ വഴങ്ങുന്നില്ലെങ്കില്‍ അടുത്തഘട്ടത്തില്‍ എന്ത് വേണമെന്ന് ആലോചന നടത്താമെന്ന ധാരണയിലാണ് നേതാക്കള്‍ പിരിഞ്ഞത്.