ദില്ലി: ആര്‍ച്ച് ബിഷപ്പിന്റെ ബിജെപി അനുകൂല പ്രസ്താവന അപകടകരമെന്ന് ഇന്ത്യന്‍ കറന്‍സ് ചീഫ് എഡിറ്റര്‍ ഫാദര്‍ സുരേഷ് മാത്യു. റബര്‍ വില 300 രൂപയായി ഉയര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്കെതിരെയാണ് ഫാദര്‍ സുരേഷ് മാത്യു രംഗത്തെത്തിയത്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും നേരെ ഉത്തരേന്ത്യയില്‍ നടക്കുന്നത് വലിയ ആക്രമണമാണ്. സംഘപരിവാറിനോട് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഭയുടെ പഠനം മനസിലായിട്ടില്ല. ‘നോട്ടിന് വോട്ട്’ എന്നതിന് തുല്യമാണ് ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബിഷപ്പിനെതിരെ മന്ത്രി എംബി രാജേഷും രംഗത്തെത്തി. ആര്‍എസ്എസും ബിജെപിയും ന്യൂനപക്ഷ സംരക്ഷകരായി വരികയാണെന്നും മന്ത്രി പറഞ്ഞു. കുറുക്കന് ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്നും മന്ത്രി പരിഹസിച്ചു. ആര് എസ് എസിന്റെ വിചാരധാരയില്‍ മുസ്ലീങ്ങളും, ക്രൈസ്തവരും കമ്മ്യൂണിസ്റ്റുകളുമാണ് ശത്രുക്കളെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ റബ്ബറിന് മുന്നൂറ് രൂപ തറവില പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ സഹായിക്കുമെനന്നായിരുന്നു തലശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാപ്ലാനിയുടെ പ്രസ്താവന.