കോഴിക്കോട് : എസ്‌എസ്‌എല്‍സി വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠന സൗകര്യമൊരുക്കുക, ജില്ലയില്‍ പുതിയ ഹയര്‍ സെക്കന്ററി ബാച്ചുകള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡിഡിഇ ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പ്രതിഷേധത്തിന് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു.
കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ഡി.ഡി.ഇ ഓഫീസിനു മുന്നില്‍ പോലിസ് ബാരികേഡ് വെച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ആറോളം തവണ ജലപീരങ്കി പ്രയോഗിച്ചും, ഗ്രനേഡ് എറിഞ്ഞും പോലിസ് പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയില്ല.
പ്രതിഷേധ മാര്‍ച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍, ജനറല്‍ സെക്രട്ടറി ലബീബ് കായക്കൊടി, സെക്രട്ടറി ആയിഷ മന്ന, സജീര്‍ ടി.സി, റഹീസ് കുണ്ടുങ്ങല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയോടുള്ള ഭരണകൂട വിവേചനം അവസാനിപ്പിക്കുക എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി ജില്ലാ വ്യാപകമായി നടത്തുന്ന വിദ്യാഭ്യാസ അവകാശ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.