ചെന്നൈ : കൊവിഡ് 19 വ്യാപനത്തെ തുടർന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 50 അന്താരാഷ്ട്ര വിമാനസർവീസുകൾ റദ്ദ് ചെയ്തു. ഇതോടൊപ്പം 34 ആഭ്യന്തര സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള വിമാനസർവീസുകൾ തുടർച്ചയായ എട്ടാം ദിവസമാണ് റദ്ദാക്കുന്നത്.
ഈ മാസം ഇതുവരെ ഇരുനൂറിലേറെ വിമാനസർവീസുകള്‍ റദ്ദാക്കി. ഇവയിൽ കൂടുതലും അന്താരാഷ്ട്ര സർവീസുകളാണ്. വിമാന സർവീസുകളുടെ എണ്ണം കുറഞ്ഞതിനാൽ ചെന്നൈ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. വൈറസ് ഭീതിയെത്തുടർന്നു വിമാനത്താവളത്തിൽ സ്ക്രീനിംഗ് കർശനമാക്കിയിരുന്നു. വരും ദിവസങ്ങളിൽ ആഭ്യന്തര യാത്രക്കാരെയും സ്ക്രീനിംഗിനു വിധേയരാക്കുമെന്നു എയർപോർട്ട് അധികൃതർ അറിയിച്ചിരുന്നു.