കൊച്ചി : കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി പത്തു ലക്ഷത്തിലധികം തസ്തികകളില്‍ രണ്ടുവര്‍ഷത്തോളമായി നിയമനമില്ല. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഒഴിവുകള്‍ നികത്താത്തതെന്നാണ് ഉദ്യോഗസ്ഥവൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേരളത്തിലെ 34.99 ലക്ഷം പേരടക്കം 4.29 കോടി യുവാക്കള്‍ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളില്‍ തൊഴിലിനായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ നിയമന നിരോധനം.
റെയില്‍വേ ഉള്‍പ്പെടെയുള്ള 73 മന്ത്രാലയങ്ങളിലായി 2018 ഫെബ്രുവരി വരെ 6,83,823 ഒഴിവുകളാണുണ്ടായിരുന്നത്. ഇതില്‍ 25,544 സംവരണ സീറ്റുകളാണ്. ഒ.ബി.സി.-10,859, പട്ടികജാതി-7782, പട്ടികവര്‍ഗം-6903 എന്നിങ്ങനെയാണിത്. സംവരണ വിഭാഗങ്ങളിലെ ഒഴിവുകള്‍ നികത്താന്‍ ശ്രമം നടക്കുന്നുണ്ട്. ഇപ്പോള്‍ യഥാക്രമം 1773, 1713, 2530 ഒഴിവുകളാണ് ബാക്കിയുള്ളത്. 2019 മാര്‍ച്ച് വരെ റെയില്‍വേയില്‍ 3,03,911 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ഒഴിവുകള്‍ നികത്തിയിട്ടില്ല. 36,436 പേരുടെ നിയമനങ്ങള്‍ അന്തിമഘട്ടത്തിലാണെങ്കിലും മറ്റ് ഒഴിവുകളിലേക്കുള്ള നിയമന നടപടികള്‍ വൈകുകയാണ്. കേന്ദ്രീയ വിദ്യാലയങ്ങളിലും ഐ.ഐ.ടി. പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒട്ടേറെ ഒഴിവുകള്‍ നികത്താതെ കിടപ്പുണ്ട്. 40 കേന്ദ്രീയവിദ്യാലയങ്ങളിലായി 6688-ഉം ഇഗ്നോയില്‍ 190-ഉം അധ്യാപക ഒഴിവുകളാണ് കഴിഞ്ഞമാസം വരെ റിപ്പോര്‍ട്ടു ചെയ്തത്. 23 ഐ.ഐ.ടി.കളിലായി 3709 അധ്യാപക ഒഴിവുകളുമുണ്ട്.
പ്രതിരോധമേഖലയില്‍ മൂന്നു ലക്ഷത്തിലധികം ഒഴിവുകളുണ്ട്. കര, നാവിക, വ്യോമസേനകളിലായി 3,11,063 ഒഴിവുകളാണുള്ളത്. യൂണിഫോമിതര തസ്തികകളില്‍ ഗസറ്റഡ് ഓഫീസര്‍മാരുടെ 3782, ഓഫീസര്‍മാരുടെ 34,289, ഡ്രൈവര്‍മാരുള്‍പ്പെടെയുള്ള മറ്റു ജോലിക്കാരുടെ 2,01,669 ഒഴിവുകളാണ് നികത്തേണ്ടത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇതു വൈകുമെന്ന സൂചന സംയുക്തസേനാ മേധാവിയായി ചുമതലയേറ്റ സന്ദര്‍ഭത്തില്‍ ജനറല്‍ ബിപിന്‍ റാവത്ത് നല്‍കിയിരുന്നു. മിക്ക മന്ത്രാലയങ്ങളിലും രണ്ടു വര്‍ഷത്തോളമായി നിയമനം പേരിനു മാത്രമാണ്. സ്ഥിരനിയമനം നല്‍കുന്നതിനുപകരം ക്ലാര്‍ക്ക്, അറ്റന്‍ഡര്‍ തസ്തികകള്‍ പുറംകരാര്‍ നല്‍കുകയാണിപ്പോള്‍. ബ്രൈറ്റ് ഹെവന്‍, വിന്റേജ് പോലുള്ള കമ്പനികള്‍ക്കാണ് വിവിധ മന്ത്രാലയങ്ങളിലെ തൊഴില്‍ പുറംകരാര്‍ നല്‍കിയിട്ടുള്ളത്. 10,000 മുതല്‍ 18,000 വരെ രൂപയാണ് ഇവര്‍ ശമ്പളം നല്‍കുന്നത്. അതും മാസം പകുതി ആകുമ്പോള്‍ മാത്രമാണ് നല്‍കുന്നതെന്ന് പരാതിയുണ്ട്. കേന്ദ്രസര്‍ക്കാര്‍ ജോലി എന്ന പ്രതിച്ഛായ ലഭിക്കുന്നതിനാലാണ് മിക്കവരും ചെറിയ ശമ്പളത്തിനു പിടിച്ചു നില്‍ക്കുന്നതെന്ന് ഗ്രാമവികസനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കേന്ദ്ര ഒഴിവുകള്‍
മന്ത്രാലയങ്ങള്‍ 6,83,823, റെയില്‍വേ 3,03,911, സൈന്യം 3,11,063, കേന്ദ്രീയവിദ്യാലയം 6688