തിരുവനന്തപുരം : സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് അധികമുള്ള ജീവനക്കാരെ ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സി വഴിതേടുന്നു. ശമ്പളം നല്‍കാന്‍ പണമില്ലാത്തതാണ് സ്ഥാപനത്തെ വലയ്ക്കുന്നത്. 100 കോടി രൂപ എല്ലാമാസവും സര്‍ക്കാരില്‍നിന്ന് കടം വാങ്ങേണ്ട അവസ്ഥയാണ്. കോവിഡിനെത്തുടര്‍ന്ന്, 4800 ബസുകള്‍ ഓടിയിരുന്നത് 3300 ല്‍ താഴെയായി കുറഞ്ഞു.
ഒഴിവാക്കാനോ, പുനര്‍വിന്യസിക്കാനോ കഴിയുന്നില്ലെങ്കില്‍ അധികമുള്ള ജീവനക്കാര്‍ക്ക് പകുതി ശമ്പളം കൊടുത്ത് ഒരുവര്‍ഷംമുതല്‍ അഞ്ചുവര്‍ഷംവരെയുള്ള ദീര്‍ഘകാല അവധി നല്‍കുന്നതും പരിഗണനയിലുണ്ട്. ചെലവ് കുറയ്ക്കാതെ മുന്നോട്ടുപോകാനാകാത്ത സാഹചര്യമാണെന്ന് കെ.എസ്.ആര്‍.ടി.സി. എം.ഡി ബിജുപ്രഭാകര്‍ തൊഴിലാളിസംഘടനകളെ അറിയിച്ചു.