മധ്യപ്രദേശ് : ഭോപ്പാലിലെ രാജ്ഗഢിൽ പെട്രോൾ പമ്പിലുണ്ടായ തീപിടിത്തത്തിൽ 12 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ പച്ചോർ പട്ടണത്തിലെ പെട്രോൾ പമ്പിലാണ് തീപിടിത്തം ഉണ്ടായത് എന്നാണ് വിവരം. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് റിപ്പോർട്ട് ചെയുന്നു. ഇന്ധനം നിറയ്ക്കാനെത്തിയ ബൈക്കിൽ നിന്ന് തെറിച്ച തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമായത് എന്നാണ് വിവരം. ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്ടെന്ന് തീ പടരുകയും പിന്നാലെ പമ്പിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടാവുകയുമായിരുന്നു. പമ്പിലുണ്ടായിരുന്ന ഡീസൽ ടാങ്കറിലേക്കും തീ പടർന്നു. അപകടത്തിൽ 12 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു.
അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായ ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി ഇൻഡോറിലേക്ക് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് പേർ ഷാജാപൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





























