ഭോപ്പാല്‍ : മധ്യപ്രദേശില്‍ ഗ്വാളിയോര്‍ സിറ്റിയിലെ ഒരു ഷോപ്പ് കം റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലുണ്ടായ തീപിടുത്തത്തില്‍ ഏഴുപേര്‍ മരിച്ചു. ഇവരില്‍ നാലുപേര്‍ കുട്ടികളും മൂന്നുപേര്‍ സ്ത്രീകളുമാണ്. ഗുരുതരമായി പൊള്ളലേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ അഗ്നിശമനസേന രണ്ടു മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ തീയണച്ചു.
രാവിലെ 10 ഓടെ ഇന്ദര്‍ഗഞ്ച് മേഖലയിലെ റോഷ് നിഘര്‍ റോഡിലുള്ള പെയിന്റ് കടയില്‍ നിന്ന് ഉത്ഭവിച്ച തീ ഇതിനു മുകളിലുള്ള താമസ സ്ഥലങ്ങളിലേക്ക് പടരുകയായിരുന്നുവെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് സത്യേന്ദ്ര സിംഗ് ടോമര്‍ പറഞ്ഞു. പെയിന്റില്‍ തീ തീവ്രഗതിയില്‍ കത്തിപ്പിടിക്കുകയായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിരയിലുള്ളവരാണ് ദുരന്തത്തിനിരയായത്. ജഗ്‌മോഹന്‍ ഗോയല്‍, ജയ്കിഷന്‍ ഗോയല്‍, ഹരിഓം ഗോയല്‍ എന്നീ സഹോദരന്മാര്‍ നടത്തിയിരുന്ന രംഗ്‌വാല എന്ന പെയിന്റ് കടയിലാണ് തീപിടുത്തമുണ്ടായത്.