പന്തളം :തെങ്ങ് കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 70 അടിയോളം ഉയരമുള്ള തെങ്ങിന്‍റെ മുകളിൽ കുടുങ്ങിയ മധ്യവയസ്കന് പത്തനംതിട്ട ഫയര്‍ഫോഴ്സ് രക്ഷകരായി. പന്തളം ചൂരക്കോട് മന്ദാരം വീട്ടിൽ സതീശന്‍ (54) നെയാണ് ഫയര്‍ഫോഴ്സ് താഴെയിറക്കിയത്. ചൂരക്കോട് സി.കെ പ്രസാദിന്‍റെ വീട്ടിലെ തെങ്ങിൽ തേങ്ങ ഇടുന്നതിനായി കയറിയതായിരുന്നു സതീശൻ. തെങ്ങിന്‍റെ മുകളില്‍വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരില്‍ ഒരാള്‍ തെങ്ങില്‍ കയറി സതീശനെ തെങ്ങിനോട് ചേര്‍ത്ത് കെട്ടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ താഴെയിറക്കുവാന്‍ പത്തനംതിട്ട ഫയര്‍ഫോഴ്സിന്‍റെ സഹായം തേടി. അടൂര്‍, പത്തനംതിട്ട ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി രണ്ട് യൂണിറ്റുകള്‍ എത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
അടൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.സി റെജികുമാര്‍, പത്തനംതിട്ട സ്റ്റേഷന്‍ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജി.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സതീശനെ താഴെയിറക്കാന്‍ തെങ്ങില്‍ താത്കാലിക ഗോവണിയും തയാറാക്കിയിരുന്നു. പത്തനംതിട്ട ഫയര്‍ ഓഫീസര്‍ രമാകാന്ത് ഗോവണിയിലൂടെ തെങ്ങിന് മുകളിലെത്തി സതീശന്‍റെ ശരീരത്തോട് ചേര്‍ത്ത് കാപ്പി കെട്ടി കയറിലൂടെ താഴേയ്ക്ക് ഇറക്കുകയുമായിരുന്നു. വളരെ സാഹസികമായാണ് രമാകാന്ത് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.ഫയര്‍ ഫോഴ്സ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അംഗം കൂടിയായ രമാകാന്ത് 2025ലെ മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡലിന് അർഹനായ ഓഫീസറാണ്.































