കോന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ഓടയുടെ ഇളകിമാറിയ സ്ലാബുകള്‍ അപകടക്കെണിയായി മാറിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ കെ.എസ്.റ്റി.പി. സംസ്ഥാന പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്ന് നല്‍കിയതിന് ശേഷം നിരവധി ആളുകള്‍ക്ക് ഈ ഓടയില്‍ വീണ് പരിക്കേറ്റിട്ടുണ്ട്. എന്നിട്ടും സ്ലാബുകള്‍ സ്ഥാപിക്കാന്‍ യാതൊരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. കൊല്ലൻപടി ജംഗ്ഷന് സമീപം സ്ലാബ് ഇളകി ഓടയ്ക്കുള്ളില്‍ വീണുകിടക്കുന്ന ഭാഗമാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അപകടക്കെണിയായി മാറിയിരിക്കുന്നത്.
കാല്‍നട യാത്രക്കാര്‍ ഓടയില്‍ വീഴാതിരിക്കുവാന്‍ റോഡിലുണ്ടാരുന്ന പോലീസിന്‍റെ മുന്നറിയിപ്പ് ബോര്‍ഡ് എടുത്ത് ഓടയ്ക്കുള്ളില്‍ ഇറക്കി വെച്ചിരിക്കുകയാണ് നാട്ടുകാര്‍. ഒരുവര്‍ഷം മുന്‍പാണ് മുരളി എന്ന കാല്‍നടയാത്രികന്‍ ഓടയില്‍ വീണ് പരിക്കേറ്റത്. റോഡില്‍ നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന സ്ലാബുകള്‍ വാഹനങ്ങള്‍ ഇടിച്ച് ഓടക്കുള്ളില്‍ വീഴുന്നത് പതിവാണ്. കൊല്ലന്‍പടി ജംഗ്ഷന്‍ മുതല്‍ മണിമലപ്പടി വരെയുള്ള ഭാഗത്ത് ഇത്തരത്തില്‍ വാഹനം ഇടിച്ച് സ്ലാബുകള്‍ ഓടയ്ക്കുള്ളില്‍ വീണിട്ടുണ്ട്.
സംസ്ഥാന പാതയ്ക്ക് സമീപത്തെ വീടുകളിലേക്ക് കയറുന്ന വഴികളും റോഡില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഓടകള്‍ പലഭാഗത്തും അടയുകയും മലിനജലം കെട്ടിക്കിടക്കുകയും ചെയ്യുന്നതിനാല്‍ ദുര്‍ഗന്ധവും രൂക്ഷമാണ്. അതിരുങ്കല്‍ ഭാഗത്ത് നിന്നും സംസ്ഥാനപാതയിലേക്ക് ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെടെ കയറി വരുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുനതിനാല്‍ കൊല്ലന്‍പടിയില്‍ സുരക്ഷയൊരുക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല. കൊല്ലന്‍പടി ജംഗ്ഷനില്‍ നിലനില്‍ക്കുന്ന ഈ അപകടഭീഷണിക്ക് ശാശ്വത പരിഹാരം കാണുവാന്‍ അധികൃതര്‍ തയ്യാറാകണമെന്നും ആവശ്യമുയരുന്നു.

































