പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ വേലന്‍കടവിനെയും പത്തനംതിട്ട നഗരസഭയിലെ കൊടുന്തറ കടവിനെയും ബന്ധിപ്പിക്കുന്ന കടത്ത് വള്ളം ഇല്ലാതെയായിട്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കടത്ത് പുനരാരംഭിക്കാന്‍ നടപടിയില്ല. 75 വര്‍ഷമായി ഉണ്ടായിരുന്ന കടത്താണ് ഇപ്പോള്‍ ഇല്ലാതെയായത്. കടത്തുകാരന്‍ വിരമിച്ചതോടെയാണ് കടത്ത് നിലച്ചത്. എന്നാല്‍ അധികാരികള്‍ ഇതിന് പകരം സംവിധാനം ഒരുക്കിയതുമില്ല. ഇതോടെ ഇരുകരകളിലുമുള്ള പ്രദേശവാസികള്‍ തീര്‍ത്തും യാത്രാ ദുരിതത്തിലായി. വേലന്‍കടവില്‍ നിന്നും കൊടുന്തറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പ്രമാടം മഹാദേവക്ഷേത്രം എന്നിവടങ്ങളിലേക്ക് പോകാന്‍ ഒട്ടേറെ ആളുകള്‍ ഈ കടത്ത് വള്ളത്തെ ആശ്രയിച്ചിരുന്നു.
വള്ളം ഇല്ലാതായാതോടെ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് ഇവിടുത്തെ ആളുകള്‍. മുന്‍പ് അച്ചന്‍കോവില്‍ നദി മഴക്കാലത്ത് കരകവിഞ്ഞ് കടത്ത് സാധ്യമാകാത്ത അവസരങ്ങളില്‍ മാത്രമാണ് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് കടത്തിന്‍റെ ചുമതല. പ്രമാടം ഗ്രാമപഞ്ചായത്തിനെയും പത്തനംതിട്ട നഗരസഭയെയും ബന്ധിപ്പിച്ച് പാലം വേണമെന്ന് മുന്‍പ് ആവശ്യം ഉയര്‍ന്നുവന്നെങ്കിലും പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി നടപ്പായില്ല. പിന്നീട് പാറക്കടവില്‍ പാലം നിര്‍മ്മിക്കുകയും ചെയ്തു. പ്രമാടം പടിഞ്ഞാറ് ഭാഗം, കൊടുന്തറ എന്നിവടങ്ങളിലെ ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായാണ് വേലന്‍കടവില്‍ കടത്ത് നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ കടത്ത് പൂര്‍ണ്ണമായി നിലച്ചതോടെ പ്രതിസന്ധിയിലാണ് ജനങ്ങള്‍.






























