ലഖ്നോ : യു.പിയില്‍ ഗ്രാമീണര്‍ക്ക് കോവിഡ് വാക്സിന്‍ മാറി നല്‍കി. സിദ്ധാര്‍ത്ഥ് നഗറിലാണ് സംഭവം. ഏപ്രില്‍ മാസത്തില്‍ ഒന്നാം ഡോസായി കോവിഷീല്‍ഡ് എടുത്ത 20 ഗ്രാമീണര്‍ക്കാണ് കഴിഞ്ഞയാഴ്ച രണ്ടാം ഡോസായി കോവാക്സിന്‍ നല്‍കിയത്. ആശുപത്രി അധികൃതര്‍ക്ക് സംഭവിച്ച അബദ്ധമാണെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ആര്‍ക്കും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ആരോഗ്യവകുപ്പില്‍ നിന്ന് ആരും പിന്നീട് തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് ഗ്രാമീണരില്‍ ഒരാള്‍ പറഞ്ഞു. രണ്ടു വാക്സിനുകള്‍ ഇടകലര്‍ത്തി കുത്തിവെച്ചാലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടന്നുവരികയാണ്. ഒരേ വാക്സിന്‍ തന്നെ രണ്ട് ഡോസും എടുക്കണമെന്നാണ് നിലവിലെ നിര്‍ദേശം.