സീറ്റില്‍(വാഷിങ്ടണ്‍) : കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തില്‍ നിര്‍ണായകമായി വാക്സിന്‍ പരീക്ഷണം. വാഷിങ്ടണിലെ സീറ്റിലിലെ ഗവേഷണ കേന്ദ്രത്തില്‍ നാലുപേരില്‍ വാക്സിന്‍ പരീക്ഷിച്ചതായി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു. രോഗകാരണമാകുന്ന വൈറസിന്റെ അപകടകരമല്ലാത്ത ജനിതക കോപ്പിയാണ് വാക്സിന്‍ പരീക്ഷണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
വാക്സിന്‍ വിജയകരമാണോയെന്ന് അറിയാന്‍ ഇനിയും സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നാല്‍പ്പത്തിമൂന്നുകാരിയായ സീറ്റില്‍ സ്വദേശിയായ ജെന്നിഫര്‍ ഹാലര്‍ എന്നയാളിലാണ് ആദ്യമായി വാക്സിന്‍ പരീക്ഷിച്ചിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ഇവര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്താണ് പരീക്ഷണത്തിന് ധനസഹായം നല്‍കിയത്. ലോകത്തിന്റെ നാനാഭാഗങ്ങളിലെ ശാസ്ത്രജ്ഞര്‍ വാക്സിന്‍ കണ്ടെത്തുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്. കൊവിഡ് 19നെതിരെയുള്ള വാക്സിന്‍ ആദ്യമായാണ് മനുഷ്യനില്‍ കുത്തിവെച്ച് പരീക്ഷിക്കുന്നത്.
വാക്സിന്‍ സുരക്ഷിതമാണെന്നും ഉയര്‍ന്ന ഗുണനിലവാരമുള്ളതാണെന്നും ഫലം സൂക്ഷ്മമായി വിലയിരുത്തുമെന്നും വിദഗ്ധന്‍ ഡോ. ജോണ്‍ ട്രെഗോണിംഗ് പറഞ്ഞു. വാക്സിന്‍ ഫലപ്രദമായാല്‍ മനുഷ്യരാശിക്ക് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത അളവിലാണ് വോളന്റിയർമാരിൽ വാക്സിന്‍ കുത്തിവെക്കുക. 28 ദിവസത്തിനിടയില്‍ കൈത്തണ്ടയില്‍ രണ്ട് പ്രാവശ്യമാണ് കുത്തിവെക്കുക. വാക്സിന്‍ നിര്‍മാണവും വിതരണവും പൂര്‍ത്തിയാകാന്‍ 18 മാസമെങ്കിലും എടുക്കുമെന്നും വിദഗ്ധര്‍ അറിയിച്ചു. കൊവിഡ് 19ന് ഇതുവരെ വാക്സിനോ മരുന്നോ കണ്ടുപിടിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.