ചെന്നൈ : ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് യാത്രക്കാരും ജീവനക്കാരും ക്വാറന്റൈനില്. ആഭ്യന്തര വിമാന സർവ്വീസ് പുന:രാരംഭിച്ച ആദ്യം ദിവസം ചെന്നൈ-കോയമ്പത്തൂര് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തയാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 93 യാത്രികരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഫേസ് മാസ്ക്, ഷീൽഡ്, കൈയ്യുറകൾ എന്നിവയുൾപ്പടെ ധരിച്ചാണ് രോഗബാധിതനായ ആൾ വിമാനത്തിലിരുന്നത്. സമീപത്ത് മറ്റാരുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ വ്യാപനം ഉണ്ടാകാൻ സാധ്യതയില്ലെന്നും ഇൻഡിഗോ അറിയിച്ചു. വിമാനത്തിലെ മറ്റു യാത്രക്കാരേെയും കൊറോണ പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്. അതേ സമയം ഡൽഹിയില് നിന്നും പഞ്ചാബിലെ ലുധിയാനയിലേക്ക് പോയ എയര് ഇന്ത്യയുടെ എഐ91837 വിമാനത്തില് സഞ്ചരിച്ച ഒരു യാത്രക്കാരനും കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. എഎന്ഐ ആണ് ഇത് റിപ്പോര്ട്ട് ചെയ്തത്. അലയന്സ് എയറിലെ സുരക്ഷ ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള് സാധാരണ ടിക്കറ്റിലായിരുന്നു യാത്ര ചെയ്തത്. ഇയാള് ഡൽഹി എയര്പോര്ട്ടില് എയര് ഇന്ത്യയുടെ സുരക്ഷ ജീവനക്കാരനായി ജോലി ചെയ്തുവരുകയായിരുന്നു. വിമാനത്തില് യാത്ര ചെയ്ത മുഴുവന്പേരെയും ഹോം ക്വറന്റെെനിലാക്കി. തിങ്കളാഴ്ച ആഭ്യന്തര വിമാന സർവ്വീസ് ആരംഭിച്ചതിന് ശേഷം ഇതുവരെ രണ്ടു കേസുകളാണ് റിപ്പോര്ട്ട് ചെയ്തത്.