കൊച്ചി: പ്രളയഫണ്ട് തട്ടിപ്പ് സംബന്ധിച്ച് സിബിഐ അല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചുകൊണ്ട് പ്രതികളെ വെള്ളപൂശാന്‍ പാര്‍ട്ടി അന്വേഷണത്തിന് ഒരുങ്ങി സിപിഎം. കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഉള്‍പ്പെടെയുളള പാര്‍ട്ടിയുടെ വിശ്വസ്തരുടെ അഴിമതിക്കേസില്‍ എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.ആര്‍.മുരളി, പി.എം.ഇസ്മയില്‍ എന്നിവരെയാണ് അന്വേഷണത്തിന് പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്.
പ്രളയഫണ്ട് തട്ടിയെടുത്തതിനൊപ്പം ലോക്കല്‍ കമ്മിറ്റിയംഗം സിയാദിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും കമ്മിഷന്‍ അന്വേഷിക്കും. ബാങ്ക് ഉദ്യോഗസ്ഥനായ സിയാദ് തന്റെ മരണത്തിന് കാരണം സക്കീറിന്റെയും മറ്റു ചില നേതാക്കളുടെയും മാനസിക പീഡനം ആണെന്നു കാണിച്ച് എഴുതിയ ആത്മഹത്യക്കുറിപ്പ് പോലീസിന് ലഭിച്ചിരുന്നു.
ആരോപണവിധേയനായ കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഉള്‍പ്പെടെയുളളവരില്‍ നിന്ന് തെളിവെടുക്കും. കമ്മിഷന്‍ റിപ്പോര്‍ട്ടിനു ശേഷം മാത്രമാവും ആരോപണവിധേയര്‍ക്കെതിരായ നടപടിയെക്കുറിച്ച് സിപിഎം തീരുമാനിക്കുക. സക്കീര്‍ ഹുസൈന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകില്ലെന്ന് ഇതോടെ വ്യക്തമായി. പ്രളയഫണ്ട് തട്ടിപ്പിലെ മുഖ്യപ്രതിയായ സിപിഎം നേതാവ് എം.എം.അന്‍വര്‍, ഭാര്യയും അയ്യനാട് ബാങ്ക് ഭരണസമിതി അംഗവുമായ കൗലത്ത് , അറസ്റ്റിലായ മഹേഷിന്റെ ഭാര്യ നീതു എന്നിവര്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ് .
ഇവരെ പാര്‍ട്ടി തന്നെ ഒളിപ്പിച്ചിരിക്കുകയാണെന്നും അതു കൊണ്ടാണ് ക്രൈംബ്രാഞ്ചിന് കണ്ടെത്തിയാലും നടപടി എടുക്കാന്‍ കഴിയാത്തതെന്നും പ്രതിപക്ഷം ഉന്നയിക്കുന്നു. ഒളിവിലാണെന്നുമുളള വിശദീകരണം നല്‍കി ക്രൈം ബ്രാഞ്ച് അന്വേഷണം ഇഴയ്ക്കുകയാണെന്നാരോപണവും ശക്തമാണ്.
നേരത്തെ വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള സക്കീര്‍ ഹുസൈനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചപ്പോഴും സമാനമായ രീതിയില്‍ നിയോഗിക്കപ്പെട്ട പാര്‍ട്ടി കമ്മിഷന്‍ സക്കീര്‍ നിരപരാധിയെന്ന കണ്ടെത്തലോടെ ഇയാളെ വെളളപൂശുകയായിരുന്നു. ഇപ്പോഴത്തെ അന്വേഷണത്തിനും സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നാണ് സൂചന. ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം കളമശേരി ഏരിയ കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതേപറ്റി ഔദ്യോഗികമായി പ്രതികരിക്കാന്‍ ജില്ലാ സിപിഎമ്മിന്റെ നേതൃത്വം തയാറായിട്ടുമില്ല.