കൊച്ചി : കമ്പനി തൊഴിലാളികള്‍ക്ക് കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് കുത്തിവെപ്പിന് അനുമതി നല്‍കാത്തതിനെതിരെ കിറ്റെക്സ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. കമ്പനി സ്വന്തം ചിലവിൽ വാങ്ങിയ വാക്‌സിൻ, ആദ്യ ഡോസ് വാക്സിന്‍ എടുത്ത് നാല്‍പ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും, രണ്ടാം ഡോസെടുക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നൽകിയില്ലെന്ന കാരണത്താൽ ആണ് കിറ്റെക്‌സ് കോടതിയെ സമീപിച്ചത്. ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും.
കുത്തിവെപ്പിനായുള്ള അനുമതിയ്ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസറെയും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും ഹർജിൽ പറയുന്നുണ്ട്. 93 ലക്ഷം രൂപ ചിലവില്‍ പന്ത്രണ്ടായിരം കൊവിഷീല്‍ഡ് വാക്സിന്‍ വാങ്ങി വെച്ചിട്ടും, കുത്തിവയ്പ്പിന് അനുമതി നല്‍കാത്തത് നീതി നിഷേധമാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനെ സമീപിച്ചപ്പോൾ വാക്സിന്‍ കുത്തിവെപ്പ് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് നൽകുന്നതെന്ന മറുപടിയോടെ സർക്കാരും കൈയൊഴിഞ്ഞു.
വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞാല്‍ നാലുമുതല്‍ ആറാഴ്ചയ്ക്കുശേഷം രണ്ടാം ഡോസ് എടുക്കാം എന്നായിരുന്നു ആദ്യത്തെ മാര്‍ഗനിര്‍ദേശം. പിന്നീടിത് 45 ദിവസം എന്നാക്കി മാറ്റി. ഇപ്പോള്‍ 84 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.