തിരുവനന്തപുരം : കാട്ടുപോത്തോ ആനയോ പന്നിയോ കുത്തി മനുഷ്യന്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് വനം വന്യജീവിവകുപ്പ് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ നല്‍കും. നാട്ടില്‍വെച്ച് പാമ്പുകടിയേറ്റാല്‍പ്പോലും വനംവകുപ്പില്‍നിന്ന് രണ്ടു ലക്ഷം ലഭിക്കും. എന്നാല്‍ മരിക്കുന്നത് തേനീച്ചയോ കടന്നലോ കുത്തിയാണെങ്കില്‍ നഷ്ടപരിഹാരമായി നയാപ്പൈസ കിട്ടില്ല.
വന്യജീവി ആക്രമണത്തിനിരയായവര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് 1980-ല്‍ നിലവില്‍വന്ന നിയമത്തില്‍ തേനീച്ചയും കടന്നലും വന്യജീവികളില്‍ ഉള്‍പ്പെടില്ലെന്നു പറഞ്ഞതാണ് ഒട്ടേറെപ്പേര്‍ക്ക് സഹായമില്ലാതാവാനുള്ള കാരണം. നാട്ടിലും കാട്ടിലും കാണുന്ന ഒട്ടുമിക്ക ജീവികളും വന്യജീവിപ്പട്ടികയില്‍ വരുമ്പോള്‍ ഏറെ മരണങ്ങള്‍ക്ക് കാരണമായ കടന്നലും തേനീച്ചയും അതിലില്ല. നാട്ടിലെ വീട്ടിനകത്തുവെച്ചായാല്‍പ്പോലും പാമ്പു കടിച്ചുള്ള മരണത്തിന് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുമെന്ന കാര്യം പലര്‍ക്കുമറിയില്ല. 2018 ഏപ്രില്‍ അഞ്ചിന് ഇറങ്ങിയ ഉത്തരവനുസരിച്ചാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം പത്തുലക്ഷമാക്കിയത്. സ്ഥിരമായ അവശത സംഭവിക്കുന്നവര്‍ക്ക് രണ്ടുലക്ഷം ലഭിക്കും. വാസസ്ഥലം, കൃഷി, കന്നുകാലികള്‍ എന്നിവയുടെ നഷ്ടത്തിന് ഒരുലക്ഷമാണ് ഇപ്പോള്‍ നഷ്ടപരിഹാരം. പരിക്കേറ്റവര്‍ക്കും ഒരുലക്ഷംവരെ സഹായം ലഭിക്കാം. പട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് മുഴുവന്‍ ചികിത്സച്ചെലവും സൗജന്യമാണ്. അക്ഷയകേന്ദ്രങ്ങള്‍വഴി ഓണ്‍ലൈനായി റെയ്ഞ്ച് ഓഫീസര്‍ക്കാണ് നഷ്ടപരിഹാരങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.
2018-ലെ ഉത്തരവുപ്രകാരം വന്യജീവി ആക്രമണത്തില്‍ ഒരാള്‍ മരിച്ചാല്‍ റെയ്ഞ്ച് ഓഫീസറുടെ റിപ്പോര്‍ട്ട് കിട്ടി 15 ദിവസത്തിനകം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അന്വേഷണം നടത്തണം. വില്ലേജ് ഓഫീസറില്‍നിന്ന് ബന്ധുത്വ സര്‍ട്ടിഫിക്കറ്റ് വാങ്ങി നഷ്ടപരിഹാരത്തുകയുടെ 50 ശതമാനം അനന്തരാവകാശിക്ക് നല്‍കണം. ബാക്കി തുക അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി ഏഴ് ദിവസത്തിനകം നല്‍കണം. നഷ്ടപരിഹാരത്തിന് കാലതാമസം വരുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് ഇങ്ങനെ കര്‍ശന ഉപാധികള്‍ വെച്ചത്. ഇതിനിടയില്‍ ഉടമസ്ഥര്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന നാട്ടാനയെപ്പോലും വന്യജീവികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് വിവാദമായപ്പോള്‍ തിരുത്തി. അപ്പോഴും തേനീച്ചയെയും കടന്നലിനെയും പടിക്കുപുറത്തുതന്നെ നിര്‍ത്തി. ചട്ടം ഭേദഗതിചെയ്യുന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്നും ഇതിപ്പോള്‍ നിയമവകുപ്പിന്റെ പരിഗണനയില്‍ ആണെന്നും വൈകാതെ തീരുമാനമുണ്ടാകുമെന്നും വനം- വന്യജീവി വകുപ്പുമന്ത്രി കെ.രാജു പറഞ്ഞു.