ഡല്‍ഹി ։ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക എന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 16ന് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് അദ്ദേഹത്തെ രാജ്യസഭാ എംപിയായി നാമനിര്‍ദ്ദേശം ചെയ്തത്. ഇതിന് പിന്നാലെ വലിയ വിവാദങ്ങളും ഉണ്ടായിരുന്നു.
അതേസമയം തന്നെ രാജ്യസഭാ എംപിയായി നാമനിര്‍ദ്ദേശം ചെയ്തത് സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇത് സ്വീകരിച്ചത് സംബന്ധിച്ച് വിശദമായി സംസാരിക്കാമെന്നും ഗൊഗോയ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അയോദ്ധ്യ കേസ്, ശബരിമല സ്ത്രീപ്രവേശനം, റാഫേല്‍ അഴിമതി അടക്കം പ്രമാദമായ നിരവധി കേസുകള്‍ പരിഗണിച്ച ജസ്റ്റീസ് ഗൊഗോയ് കഴിഞ്ഞ നവംബര്‍ മാസത്തിലാണ് വിരമിച്ചത്.
ചരിത്രത്തില്‍ ആദ്യമായി മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെ വാര്‍ത്താ സമ്മേളനം വിളിച്ച് കൂട്ടിയ നാല് പേരില്‍ ഒരാളാണ് ജസ്റ്റീസ് ഗൊഗോയ്. എന്നാല്‍ ഗൊഗോയി രാജ്യസഭാ എംപിയാകുന്നതിനെ വിമര്‍ശിച്ച് ജഡ്ജിമാര്‍ അടക്കം നിരവധിയാളുകള്‍ രംഗത്തുവന്നിരുന്നു. ഒരു കോട്ട കൂടി വീണോ എന്ന് ചോദിച്ചാണ് ജസ്റ്റീസ് മദന്‍ ബി ലോകുര്‍ പ്രതികരിച്ചത്. ഗൊഗോയുടെ തീരുമാനം ജുഡീഷറിയുടെ വിശ്വാസ്യത, നിഷ്പക്ഷത എന്നിവയെ ബാധിക്കുന്ന തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാരുടെ വിശ്വാസ്യത ഇടിക്കുന്ന നടപടിയെന്നാണ് കോണ്‍ഗ്രസ് ഇതിനെ വിമര്‍ശിച്ചത്.