മൂവാറ്റുപുഴ: സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ചു കയറിയതിന് വീഡിയോ വ്‌ളോഗര്‍ സുജിത് ഭക്തനും മറ്റു മൂന്നുപേര്‍ക്കുമെതിരേ വനംവകുപ്പ് കേസെടുത്തു. നേര്യമംഗലം, പൂയംകുട്ടി വനമേഖലകളില്‍ കുടുംബസമേതം പ്രവേശിച്ച് വീഡിയോ ചിത്രീകരിക്കുകയും പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് സുജിത്തിനെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കുട്ടമ്പുഴയിലെ ഇന്റര്‍നാഷണല്‍ ഹോട്ടലുടമ, രണ്ട് ജീപ്പ് ഡ്രൈവര്‍മാര്‍ എന്നിവരാണ് മറ്റു പ്രതികള്‍. സംരക്ഷിതവനത്തില്‍ പ്രവേശിക്കുന്നത് കേരള വനനിയമത്തിലെ 27ാം വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. സുജിത് പ്രചരിപ്പിച്ച വീഡിയോയയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നേര്യമംഗലം റേഞ്ചിലുള്‍പ്പെട്ട ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലും മലയാറ്റൂര്‍ ഡിവിഷനിലെ പൂയംകുട്ടിയിലും നടത്തിയ സാഹസിക യാത്രയാണ് ചിത്രീകരിച്ചത്.
വാഹനങ്ങള്‍ കൊണ്ടുപോകാന്‍ അനുമതിയില്ലാത്ത ക്ണാച്ചേരി അമ്പലത്തിന്റെ ഭാഗത്തേക്ക് ജീപ്പില്‍ യാത്ര ചെയ്യുന്നതും പാറപ്പുറത്ത് സാഹസികമായി ജീപ്പ് കയറ്റിയിറക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. കാട്ടിനുള്ളില്‍ കുടുങ്ങിയ ജീപ്പ് തള്ളി പുറത്തെത്തിക്കുന്നതടക്കം 25 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ വൈറലായതോടെയാണ് വ്‌ളോഗര്‍ കുടുങ്ങിയത്.