തൊടുപുഴ: കൃത്യനിര്‍വഹണത്തിനിടെ പോലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍. നെയ്യശേരി തേക്കനാല്‍ സുനിലിനെയാണ് (24) പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച രാത്രി 10.30 ന് ആയിരുന്നു അറസ്റ്റിനാസ്പദമായ സംഭവം. ന്യൂമാന്‍ കോളജില്‍ കാര്‍ഷിക മേളയുടെ സമാപനത്തിനുശേഷം ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെ ഉദ്യോഗസ്ഥയെ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു.
രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസുകാരിതന്നെ സാഹസികമായി കീഴ്‌പ്പെടുത്തി. സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പോലീസുകാര്‍ ഉടന്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, സ്ത്രീകളോട് അപമര്യാദയായി പെരുമാറല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.