അട്ടപ്പാടി : പുതൂര്‍ അരളിക്കോണം കമ്പളപ്പാറ ഉള്‍വനത്തില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് വനപാലകര്‍ ആനയെ കണ്ടെത്തിയത്. ജനവാസമേഖലയില്‍നിന്ന് മൂന്ന് കിലോമീറ്ററോളം ഉള്ളിലുള്ള കുന്നില്‍നിന്ന് 20 മീറ്ററോളം താഴെ ചോലയില്‍ ഇരിക്കുന്ന നിലയിലായിരുന്നു കാട്ടാനയുടെ ജഡം.
പതിനഞ്ചുവയസ്സുള്ള പിടിയാനയാണ് ചരിഞ്ഞത്. ജഡത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. കാട്ടാനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ അടിതെറ്റി താഴ്ചയിലേക്ക് വീണതാവാമെന്നാണ് നിഗമനമെന്ന് മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. വി.പി. ജയപ്രകാശ് പറഞ്ഞു. വയനാട്ടില്‍നിന്നെത്തിയ വനംവകുപ്പ് വെറ്ററിനറി ഓഫീസര്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയത്.