കോട്ടയം : കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് യുവാക്കളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിളിമല എസ്.എന്‍.ഡി.പി ശ്മാശാനത്തിലാണ് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. പായിപ്പാട് അടവിച്ചിറ സ്വദേശികളായ കുമ്പവേലി കുന്നത്ത് വീട്ടില്‍ സുനില്‍ (43), ചിറയില്‍ വീട്ടില്‍ സത്യന്‍ (42) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. എസ്.എന്‍.ഡി.പി ശ്മാശാനത്തിലെ മരത്തില്‍ സുനിലിനെ തൂങ്ങിമരിച്ച നിലയിലും സത്യനെ സമീപത്തുള്ള ആയിത്തു മുണ്ടകപ്പാട ശേഖരത്തിന് സമീപത്തെ തോട്ടില്‍ മുങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
പ്രദേശവാസികളാണ് ഇരുവരെയും മരിച്ച നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് തൃക്കൊടിത്താനം പോലീസില്‍ വിവരമറിയിച്ചു. സിഐ അജീബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയെന്നും മരണകാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. സത്യന്‍ അപ്ഹോള്‍സ്റ്ററ്റി ജോലികള്‍ ചെയ്യുന്ന തൊഴിലാളിയാണ്. സുനില്‍ മരം വെട്ടുതൊഴിലാളിയുമാണ്. ഇരുവരും ബന്ധുക്കളും അയല്‍വാസികളും ആണെന്ന് പോലീസ് പറഞ്ഞു. കോട്ടയത്തു നിന്നും ഫിംഗര്‍പ്രിന്റ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.