കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സെപ്തംബര്‍ 16 ന് വിചാരണ ആരംഭിക്കും. പ്രതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചപ്പോള്‍ എല്ലാ കുറ്റവും ഫ്രാങ്കോ നിഷേധിച്ചു.
കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറവിലങ്ങാട് മഠത്തില്‍ വെച്ച് 2014-16 കാലയളവില്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 നഴ്‌സുമാരും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്.
ബലാത്സംഗം, അന്യായമായി തടവില്‍ വെയ്ക്കല്‍, അധികാരം ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹര്‍ജി നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു.